ദുർമന്ത്രവാദ പ്രവൃത്തികളും ആഭിചാര ക്രിയകളും തടയുന്നതിന് നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കോഴിക്കോട് കെ ടി ഡി സൊസൈറ്റി ഹാളിൽ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. ഇത്തരം സംഭവങ്ങളിൽ കഷ്ടത അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണെന്നതാണ് യാഥാർഥ്യം. കോട്ടയത്ത് പെൺകുട്ടിയുടെ പരാതി ലഭിച്ചത് കൊണ്ടുമാത്രമാണ് പൊലീസിന് കേസെടുക്കാൻ കഴിഞ്ഞത്. പെൺകുട്ടി കടുത്ത മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയയായിട്ടുണ്ട്. വിഷയത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയും മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും വേണമെന്ന് കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയെ നേരിട്ട് വിളിച്ചു സംസാരിച്ചിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ പൂജ കഴിക്കണം എന്ന് ഭർത്താവ് പറഞ്ഞത് അതേപടി വിശ്വസിക്കുകയായിരുന്നു കുട്ടി.കമ്മീഷന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അഡ്വ. സതീദേവി പറഞ്ഞു.
വനിതകൾക്ക് മനസിക പിന്തുണ നൽകുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സൗജന്യ കൗൺസിലിംഗ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധ്യക്ഷ പറഞ്ഞു. ലഭിക്കുന്ന പരാതികളിൽ കൗൺസിലിംഗ് നൽകിയാൽ പരിഹരിക്കാൻ കഴിയുന്നവയുമുണ്ട്. ഇത് ഉൾക്കൊണ്ടാണ് കമ്മീഷൻ ആസ്ഥാനമായ തിരുവനന്തപുരത്തും ,മേഖലാ ഓഫീസുകൾ പ്രവർത്തിക്കുന്ന കോഴിക്കോടും എറണാകുളത്തും സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. എല്ലാ മാസവും ആദ്യ മൂന്ന് ആഴ്ചകളിലെ തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കമ്മീഷൻ ഓഫീസിൽ കൗൺസിലിംഗ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04952377590 ൽ ബന്ധപ്പെടാവുന്നതാണ്.
കൗമാരക്കാരായ കുട്ടികളിൽ ആരോഗ്യപരമായ ബന്ധങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന് കലാലയജ്യോതി എന്ന പേരിൽ ക്യാമ്പയിൽ സംഘടിപ്പിക്കും. തൊഴിലിടങ്ങളിൽ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തരകമ്മിറ്റികൾ രൂപീകരിക്കാത്ത സ്ഥാപങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധ്യക്ഷ പറഞ്ഞു. ഇത് സംബന്ധിച്ച പരിശോധനകൾ എല്ലാ ജില്ലകളിലും നടത്തും. പഴയകാലത്തെ വട്ടിപലിശയുടെ രീതിയിലുള്ള പുതിയ ഡിജിറ്റൽ വായ്പാ സംവിധാനങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വലുതാണ്. നിരവധി സ്ത്രീകളാണ് ഇത്തരം ചതിക്കുഴികളിൽ വീഴുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ലഭിക്കുന്നതായും അധ്യക്ഷ പി സതീദേവി പറഞ്ഞു.
സിറ്റിങ്ങിൽ ആകെ ലഭിച്ച 70 പരാതികളിൽ 11 എണ്ണം പരിഹരിച്ചു . മൂന്ന് എണ്ണത്തിൽ റിപ്പോർട്ട് തേടി. 2 പരാതികൾ കൗൺസിലിങിന് വിട്ടു. 54 എണ്ണം അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
CONTENT HIGH LIGHTS; Law is essential to prevent acts of witchcraft: Women’s Commission
















