രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ തിരിച്ചടിച്ച് സൌരാഷ്ട്ര. ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സിന്റെ ലീഡ് വഴങ്ങിയ സൌരാഷ്ട്ര രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ്. ഒരു ദിവസത്തെ കളി കൂടി ബാക്കിയിരിക്കെ സൌരാഷ്ട്രയ്ക്ക് ഇപ്പോള്‍ 278 റണ്‍സിന്റെ ലീഡൂണ്ട്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൌരാഷ്ട്രയുടെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്.
ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ സൌരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ജയ് ഗോഹിലിന്റെയും വൈകാതെ ഗജ്ജര്‍ സമ്മറിന്റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സൌരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റണ്‍സെടുത്ത ജയ് ഗോഹില്‍ നിധീഷിന്റെ പന്തില്‍ എല്‍ബി ഡബ്ല്യു ആയപ്പോള്‍ 31 റണ്‍സെടുത്ത ഗജ്ജറിനെ ബേസില്‍ എന്‍ പി ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു.
എന്നാല്‍ അര്‍പ്പിത് വസവദയും ചിരാഗ് ജാനിയും ചേര്‍ന്ന കൂട്ടുകെട്ട് സൌരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ദിവസത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 159 റണ്‍സെന്ന നിലയിലായിരുന്നു സൌരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേര്‍ന്ന് അനായാസം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. അര്‍പ്പിത് അര്‍ദ്ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്ന് 174 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. 74 റണ്‍സെടുത്ത അര്‍പ്പിതിനെ പുറത്താക്കി ബാബ അപരാജിത്താണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.
തുടര്‍ന്ന് ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൌരാഷ്ട്രയുടെ സ്‌കോറിങ് വേഗത്തിലായി. ഇരുവരും ചേര്‍ന്ന് 17 ഓവറില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 152 റണ്‍സെടുത്ത ചിരാഗ് ജാനിയെ ബേസില്‍ പന്തില്‍ ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു. 14 ബൌണ്ടറിയും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു ചിരാഗിന്റെ ഇന്നിങ്‌സ്. കളി നിര്‍ത്തുമ്പോള്‍ 52 റണ്‍സോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അന്‍ഷ് ഗോസായിയുമാണ് ക്രീസില്‍. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.
സ്‌കോര്‍ – സൌരാഷ്ട്ര ആദ്യ ഇന്നിങ്‌സ് 160, രണ്ടാം ഇന്നിങ്‌സ് അഞ്ച് വിക്കറ്റിന് 351
കേരളം ആദ്യ ഇന്നിങ്‌സ് 233
CONTENT HIGH LIGHTS; Saurashtra posts best score in second innings against Kerala in Ranji Trophy
















