കൊച്ചി തമ്മനം-പൊന്നുരുന്നി റോഡിലെ ജലസംഭരണി പുലർച്ചെ തകർന്നതിനെ തുടർന്ന് സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപകമായ നാശനഷ്ടമുണ്ടായി. 68 ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് ചേംബറുകളിൽ ഒന്നാണ് വശത്തെ പാളി തകർന്ന് അപകടമുണ്ടായത്. രണ്ട് ചേംബറുകളും തമ്മിൽ ബന്ധിപ്പിച്ചതിനാൽ ഏകദേശം 1.10 കോടി ലിറ്റർ വെള്ളം ഒരു മണിക്കൂറിനുള്ളിൽ കുതിച്ചൊഴുകി ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുകിപ്പോവുകയായിരുന്നു.
പുലർച്ചെ 2.20 ഓടെയാണ് സംഭവം. എന്തോ പൊട്ടുന്നതുപോലെ ശബ്ദം കേട്ടാണ് സമീപവാസികൾ ഉണർന്നത്. തകർന്ന ജലസംഭരണിയുടെ തൊട്ടടുത്തുള്ള തൈക്കുടത്തിൽ ജൂഡിത്ത് ജോർജ്ജ്, ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ പ്രളയം പോലെ വെള്ളം കുതിച്ചെത്തുന്നതാണ് കണ്ടത്. ഉടൻ തന്നെ ജൂഡിത്തും മകളും കൊച്ചുമക്കളും വാടകക്കാരും വീടിന്റെ ടെറസിലേക്ക് പോയി രക്ഷപ്പെട്ടു. 3.30 ആയപ്പോഴാണ് വെള്ളത്തിന്റെ വരവ് നിലച്ചത്. റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളും സ്കൂട്ടറുകളും ബൈക്കുകളും അടക്കം ഒലിച്ചു വന്നതായി സമീപവാസി അംബിക കുഴിവേലിത്തുണ്ടി പറഞ്ഞു. അംബികയുടെ വീടിന്റെ താഴത്തെ നിലയിൽ മുട്ടോളം വെള്ളം കയറുകയും അഴുക്ക് നിറയുകയും ചെയ്തു.
ജലപ്രവാഹത്തിൽ വീടുകളുടെ ഗേറ്റുകൾ, വാഷിങ് മെഷീനുകൾ, ഇൻവെർട്ടറുകൾ, കാറുകൾ, ബൈക്കുകൾ, സൈക്കിളുകൾ തുടങ്ങിയവ തകർന്നു. രണ്ടു മാസം മുൻപ് പെയിന്റടിച്ച വീടിന്റെ ഭിത്തിയിൽ നിറയെ അഴുക്കാണെന്ന് ജൂഡിത്ത് പറയുന്നു. കൂത്താപ്പാടി നഗര കുടുംബാരോഗ്യ കേന്ദ്രത്തിലും വൻ നാശനഷ്ടമുണ്ടായി. 4-5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഡോ. ആൻ ജോസഫ് വ്യക്തമാക്കുന്നത്. മരുന്നുകളാണ് കൂടുതലും നശിച്ചത്. വെള്ളം കയറിയതോടെ കസേരകളടക്കമുള്ള ഉപകരണങ്ങളും നശിച്ചു. ടാങ്കും വീടുകളും തമ്മിലുള്ള മതിൽ തകർത്തു മുന്നോട്ട് പോയ വെള്ളം വഴിയിലെതെല്ലാം നശിപ്പിച്ചു. അപകടം നടന്നത് പലരും അറിയുന്നത് വീടിനുള്ളിൽ വെള്ളം കയറുമ്പോഴാണ്.
അപകടത്തെ തുടർന്ന് വൈറ്റില മുതൽ പേട്ട വരെയും തമ്മനം മുതൽ ചേരാനല്ലൂർ പഞ്ചായത്ത് വരെയുമുള്ള പ്രദേശങ്ങളിലെ ജലവിതരണത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കുടിവെള്ള ക്ഷാമം ഉണ്ടാവാതെ നോക്കുക എന്നതാണ് അധികൃതരുടെ പ്രഥമ പരിഗണന. സ്ഥലത്തെത്തിയ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. രാജീവ് എന്നിവർ ടാങ്കിന്റെ ഒരു ചേംബർ അടച്ച് കൂടുതൽ സമയമെടുത്ത് കുറച്ചു വീതം വെള്ളം സംഭരിച്ച് ജലവിതരണം സാധാരണ നിലയിലാക്കാൻ ആലോചിക്കുന്നതായി അറിയിച്ചു. എംഎൽഎമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, മേയർ എം. അനിൽകുമാർ, കളക്ടർ ജി. പ്രിയങ്ക തുടങ്ങിയവരും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന ശേഷം മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കും.
















