ചാല: ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ മഴവെള്ളം ഒഴുക്കിവിടാനുള്ള ഓട നിർമാണം പാതിവഴിയിൽ നിൽക്കുന്നതോടെ ചാലയും പരിസര പ്രദേശങ്ങളും ആശങ്കയിലാണ്. ചാല വയലിലേക്കും സമീപ പ്രദേശങ്ങളിലേക്കും എത്തുന്ന മഴവെള്ളം ദേശീയപാതയുടെ അടിയിലൂടെ ചാല തോട്ടിലേക്ക് ചേർക്കാനുള്ള ഓടയുടെ നിർമ്മാണം പൂർത്തിയാകാതെ പോകുന്നത് രൂക്ഷമായ വെള്ളപ്പൊക്ക ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്തെ ഉയർന്ന ഭാഗങ്ങളായ ചാല 12 കണ്ടി, അമ്മപറമ്പ്, തോട്ടട എന്നിവിടങ്ങളിൽ നിന്നുള്ള മഴവെള്ളം ചാല അമ്പലം പരിസരം, വയൽ മേഖലകൾ എന്നിവിടങ്ങളിലേക്ക് ഒഴുകിയെത്തുന്നു. ഈ വെള്ളം സുരക്ഷിതമായി ഒഴുക്കിവിടാൻ നിർമിക്കാൻ തുടങ്ങിയ ഓടയുടെ പ്രവർത്തനം പാതിവഴിയിൽ നിൽക്കുന്നു. ദേശീയപാത ഉയർത്തിപ്പണി ആരംഭിച്ചതോടെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ചാല വയൽ മേഖലയിലെ വീടുകൾ വെള്ളത്തിൽ മുങ്ങി കുടുംബങ്ങൾ നിരാശ്രിതരാകേണ്ടി വന്നിരുന്നു.
പ്രശ്നം പരിഹരിക്കാനായി നാട്ടുകാർ ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും നിവേദനങ്ങളും പരാതികളും നൽകി. തുടർന്ന് ഓട നിർമിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും നിർമാണ പ്രവർത്തനം വീണ്ടും നിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ ഉയർത്തിപ്പണി വേഗത്തിൽ നടക്കുന്നുണ്ട്.
ഓട നിർമ്മാണം പൂർത്തിയാകാതെ ദേശീയപാതയുടെ പണി മുന്നോട്ടു പോകുന്നതിൽ പ്രദേശവാസികൾ കടുത്ത എതിർപ്പാണ് അറിയിക്കുന്നത്. “റോഡ് പൂർണ്ണമായി ഉയർത്തി നിർമ്മിച്ച ശേഷം ഓട നിർമിക്കണമെങ്കിൽ റോഡ് വീണ്ടും പൊളിക്കൽ വേണ്ടിവരും. ഇതിൽ യുക്തിയുണ്ടോ?” എന്ന നാട്ടുകാരുടെ ചോദ്യത്തിന് അധികൃതർ മറുപടി നൽകുന്നില്ല.
ഓട നിർമാണം അടിയന്തരമായി പൂർത്തിയാക്കാതിരിക്കുക അടുത്ത മഴക്കാലത്ത് വലിയ വെള്ളപ്പൊക്ക സാധ്യത ഉയർത്തുന്നതായി നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
















