റിയാദ്: ചെങ്കടലിലെ വിനോദസഞ്ചാര കേന്ദ്രമായ ഷെബാറ ദ്വീപിൽ അടുത്ത മാസങ്ങളിൽ 10 പുതിയ റിസോർട്ടുകൾ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് അറിയിച്ചു. റിയാദിൽ നടക്കുന്ന ഐക്യരാഷ്ട്രസഭ ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിക്കിടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
പുതിയ റിസോർട്ടുകളുടെ വാടക നിലവിലുള്ളതിലും കുറഞ്ഞ നിരക്കിൽ ലഭ്യമാകും. 2026-27 ഓടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് കണക്ക്.
ടൂറിസം മേഖലയിൽ മധ്യത്തട്ടിലും ഉയർന്നതട്ടിലുമുള്ള യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ഒരുക്കുന്നതിനായി മന്ത്രാലയം പ്രവർത്തിക്കുന്നതായി അൽ ഖത്തീബ് പറഞ്ഞു. ഹജ്ജ്, ഉംറ തീർഥാടകർക്കായുള്ള താമസ സൗകര്യങ്ങൾ വിപുലപ്പെടുത്താനും പദ്ധതിയുണ്ട്.
പതിനായിരക്കണക്കിന് പുതിയ താമസ മുറികൾ ഒരുങ്ങുമ്പോൾ 2030 ആകുമ്പോഴേക്കും തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുക എന്നതാണ് ദീർഘകാല ലക്ഷ്യം.
















