റിയാദ്: ജലം, കാർഷികം, പരിസ്ഥിതി മേഖലകളിൽ ഉൾപ്പെടുന്ന 82 വികസന പദ്ധതികൾ 9.8 ബില്യൺ റിയാലിലധികം ചെലവിൽ റിയാദിൽ ഗവർണർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്തു. കൂടാതെ 28.3 ബില്യൺ റിയാലിൻ്റെ മൂല്യമുള്ള 99 പുതിയ പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ടു. വിഷൻ 2030യുടെ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഈ വൻ വികസന നീക്കം.
ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ നാഷണൽ വാട്ടർ കമ്പനിയുടേതായി 4.5 ബില്യൺ റിയാലിലധികമുള്ള 61 പദ്ധതികളും സൗദി വാട്ടർ അതോറിറ്റിക്കായി 5.1 ബില്യൺ റിയാലിന്റെ 3 പദ്ധതികളും ഉൾപ്പെടുന്നു. ജനറൽ ഇറിഗേഷൻ കോർപ്പറേഷനു വേണ്ടി 58 മില്യൺ റിയാലിന്റെ ഒരു പദ്ധതിയും മന്ത്രാലയത്തിന്റെ കീഴിൽ 40 മില്യൺ റിയാലിന്റെ 5 ജല പദ്ധതികളും പൂർത്തിയാക്കി.
തുടക്കം കുറിച്ച 99 പുതിയ പദ്ധതികളിൽ 91ഉം കുടിവെള്ളവും സാനിറ്റേഷൻ സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനാണ്. ഇതിൽ സൗദി വാട്ടർ അതോറിറ്റിക്ക് 21.4 ബില്യൺ റിയാലിന്റെ 11 പദ്ധതികൾ, നാഷണൽ വാട്ടർ കമ്പനിക്ക് 4.6 ബില്യൺ റിയാലിന്റെ 67 പദ്ധതികൾ, സൗദി വാട്ടർ പാർട്ട്നർഷിപ്പ്സ് കമ്പനിക്ക് 1.8 ബില്യൺ റിയാലിന്റെ ഒരു പദ്ധതി, മന്ത്രാലയത്തിന് 99 മില്യൺ റിയാലിന്റെ 11 പദ്ധതികൾ, ജനറൽ ഇറിഗേഷൻ കോർപ്പറേഷനു 33 മില്യൺ റിയാലിന്റെ ഒരു പദ്ധതി എന്നിവ ഉൾപ്പെടുന്നു.
ചടങ്ങിൽ “നോർത്ത് റിയാദ് ജിയോപാർക്ക്” പദ്ധതിയുടെ ദൃശ്യാവതരണവും നടന്നു. 3,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഈ ജിയോപാർക്ക് മിഡിൽ ഈസ്റ്റിൽ യുനെസ്കോ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആദ്യ ഗ്ലോബൽ ജിയോപാർക്കാണ്.
















