മസ്കറ്റ്: ഖത്തർ ഡിബേറ്റിന്റെ ആഭിമുഖ്യത്തിൽ ഒമാനിൽ നടന്ന മൂന്നാം ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീം ചരിത്രനേട്ടം കുറിച്ച് കിരീടം കരസ്ഥമാക്കി. ഇൻഡോണേഷ്യയിലെ ചെണ്ടേക്യ മുസ്ലിം യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീമിന്റെ അതുല്യവിജയം. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ വിഭാഗത്തിലായിരുന്നു ഇന്ത്യയുടെ മത്സരണം.
കേരളത്തിലെ ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. സെമിഫൈനലിൽ പാകിസ്ഥാനിലെ ബിനൊരിയ യൂണിവേഴ്‌സിറ്റിയെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. ലെബനാൻ ആർട്സ് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റി, ഖത്തറിലെ ലുസൈൽ യൂണിവേഴ്‌സിറ്റി, തായ്‌ലൻഡ്, ഒമാൻ, മലേഷ്യ എന്നിവയെ പിന്നിലാക്കി ഇന്ത്യൻ ടീം സെമിഫൈനലിൽ പ്രവേശിച്ചിരുന്നു.
ടീം അംഗങ്ങളായ ഫഹ്മീദ് ഖാനും മുഹമ്മദ് ശകീബും മികച്ച ഡിബേറ്റർമാരായി (ബെസ്റ്റ് ഡിബേറ്റേഴ്‌സ്) തിരഞ്ഞെടുത്തു എന്നതും ടീമിന്റെ നേട്ടമായിരുന്നു.
പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള നാൽപ്പതോളം ടീമുകൾ പങ്കെടുത്ത ഈ അന്തർദേശീയ വേദിയിൽ ദാറുൽഹുദായുടെ രണ്ട് ടീമുകളാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. ഡിഗ്രിയുടെ അവസാന വർഷം പഠിക്കുന്ന ഫഹ്മീദ് ഖാൻ (അഞ്ചച്ചവിടി), മുഹമ്മദ് ശക്കീബ് (ചോലേമ്പ്ര), അബ്‌ദുൽ മുഹൈമിൻ (വെള്ളില), മുഹമ്മദ് (കണ്ണാടിപ്പറമ്പ്) എന്നിവർ ടീമിലുണ്ടായിരുന്നു.
ദാറുൽഹുദായുടെ സഹസ്ഥാപനമായ സബീലുൽ ഹിദായ അറബിക് കോളേജിൽ നിന്ന് രിഫാഅത്, മുദ്ദസിർ സിനാൻ, തൻസീഹ്, ലബീബ് എന്നിവരും മത്സരത്തിൽ പങ്കെടുത്തു.
















