അക്ഷരാർഥത്തിൽ രാജ്യ തലസ്ഥാനത്തെ ഞെട്ടിക്കുന്നതായി ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനം. സ്ഫോടനത്തിന്റെ ശബ്ദം രണ്ടര കിലോമീറ്ററോളം അകലെ വരെ ഉയർന്നു. സ്ഫോടനം സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചു. സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തു. അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്. ഭീകരാക്രമണമെന്ന നിലയിലാണ് ഡൽഹി പൊലീസ് സ്ഫോടനത്തെ പ്രാഥമികമായി വിലയിരുത്തുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ലെന്നു കമ്മീഷണർ വ്യക്തമാക്കി.
സ്ഫോടനമുണ്ടായപ്പോൾ സമീപത്തെ വാഹനങ്ങൾ 150 മീറ്റർ അകലേയ്ക്ക് തെറിച്ചു പോയതായി ദൃക്സാക്ഷികൾ പറയുന്നു. സ്ഫോടനമുണ്ടായ പ്രദേശത്ത് നിറയെ തെരുവ് കച്ചവടക്കാരുണ്ട്. സ്ഫോടനത്തിൽ ഇവരിൽ പലർക്കും പരിക്കേറ്റതായും ദൃക്സാക്ഷികൾ വ്യക്തമാക്കി. 20 ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ കെടുത്തിയത്. സ്ഫോടനത്തിൽ ആറോളം വാഹനങ്ങൾ പൂർണമായും തകർന്നു. നിർത്തിയിട്ട ഒരു ഇക്കോ വാനിലാണ് ആദ്യമായി പൊട്ടിത്തെറിയുണ്ടായത് എന്നാണ് സംശയിക്കുന്നത്. രണ്ട് വാഹനങ്ങളിൽ ഒരേസമയം സ്ഫോടനം ഉണ്ടായെന്നും വിവരങ്ങളുണ്ട്. സ്ഫോടനത്തിനു പിന്നാലെ സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. കുറച്ച് അകലെ നിർത്തിയിട്ടിരുന്ന പല വാഹനങ്ങളുടെയും ഗ്ലാസുകളടക്കവും തകർന്നിട്ടുണ്ട്.
STORY HIGHLIGHT : delhi-blast-massive-blast-near-red-fort-in-delhi-updates
















