തേൻ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാവില്ല അല്ലേ? ഊർജത്തിന്റെ മികച്ച ഉറവിടമാണ് തേൻ. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ തേൻ രുചികരവും പോഷകസമ്പുഷ്ടവും പ്രകൃതിദത്തവുമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവയുടെ മികച്ച സ്രോതസാണ്. തേൻ മിതമായ അളവിൽ കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഏറെ ഫലപ്രദമായ മരുന്നായി നാം തേൻ ഉപയോഗിക്കാറുണ്ട്. ചർമത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും തേൻ കഴിക്കാറുണ്ട്. ദഹനപ്രശ്‌നങ്ങൾക്കും പ്രതിരോധശേഷിക്കും തേൻ നല്ലതാണ്. വളരെ ചെറിയ അളവിൽ മാത്രം പ്രോട്ടീൻ അടങ്ങിയ തേനിൽ കൊഴുപ്പ് ഒട്ടുമില്ല. തേനിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, അയൺ തുടങ്ങിയ ധാതുക്കളും ഉണ്ട്.
കൃത്യമായി അടച്ച് വൃത്തിയിൽ സൂക്ഷിച്ചാൽ തേൻ ദീർഘനാൾ കേടാകാതെ ഇരിക്കും. തേൻ സൂക്ഷിക്കുന്ന കുപ്പി മുറുക്കി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കാരണം ശരിയായി അടച്ചില്ലെങ്കിൽ ചുറ്റുപാടുകളിൽനിന്നുള്ള ദുർഗന്ധം എളുപ്പത്തിൽ ആഗിരണം ചെയ്യും. പ്ലാസ്റ്റിക് കുപ്പിയേക്കാൾ തേൻ ഒഴിച്ചുവെക്കാൻ നല്ലത് ഗ്ലാസിന്റെ കുപ്പിയാണ്.
എന്നാൽ ചിലർ തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഇങ്ങനെ സൂക്ഷിക്കുന്നതുകൊണ്ടുള്ള പ്രശ്നം എന്തെന്നാൽ തേൻ വളരെവേഗം കട്ടിയായി പോവുമെന്നതാണ്. ഫ്രിഡ്ജിൽവെച്ച തേൻ നിറച്ച കുപ്പി ചൂടുവെള്ളത്തിൽ ഇറക്കിവെച്ച് ചൂടാക്കിയെടുക്കാം. ഒരുപാട് ചൂടുള്ള വെള്ളത്തിൽ വെക്കണമെന്നില്ല, ചെറുചൂടുവെള്ളമാണ് നല്ലത്. എന്നിട്ട് ഉപയോഗിക്കാം. ഒരുപാട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്ത് തേൻ സൂക്ഷിക്കരുത്. അധികം ചൂടേൽക്കാത്ത ഇടത്തുവെക്കുന്നതാണ് നല്ലത്.
നല്ല തേൻ എങ്ങനെ തിരിച്ചറിയാം?
* ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ തേൻ ചേർക്കുക. നല്ല തേനാണെങ്കിൽ വെള്ളത്തിൽ അലിയാതെ, ഗ്ലാസിന്റെ താഴ്ഭാഗത്ത് അടിഞ്ഞുകൂടും. മായം ചേർന്നതാണെങ്കിൽ, വെള്ളത്തിൽ അലിയാൻ തുടങ്ങുകയാണ് ചെയ്യുന്നത്.
* ഒരു ബ്ലോട്ടിങ് പേപ്പർ അല്ലെങ്കിൽ തുണിയെടുത്ത് അതിലേക്ക് കുറച്ചു തുള്ളി തേൻ ഒഴിക്കുക. നല്ല തേനാണെങ്കിൽ, പേപ്പറിലും തുണിയിലും ആഗിരണം ചെയ്യപ്പെടില്ല. അതേപോലെ നിലനിൽക്കും. മായം ചേർന്നിട്ടുണ്ടെങ്കിൽ അത് പെട്ടെന്ന് ആഗിരണം ചെയ്യും. പേപ്പറിൽ നനവും പടരും.
* അല്പം വെള്ളത്തിൽ തേൻ ചേർത്ത്, അതിലേക്ക് കുറച്ച് തുള്ളി വിനാഗിരിയും ഒഴിക്കുക. ശുദ്ധമായ തേൻ ഒരു മാറ്റവുമില്ലാതിരിക്കും.
















