ഡൽഹി ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള കാറിന്റെ നിലവിലെ ഉടമയെ കണ്ടെത്താൻ ശ്രമം. കാറിന്റെ മുൻ ഉടമ സൽമാൻ എന്നയാളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നര വർഷം മുൻപ് വാഹനം വിറ്റുവെന്ന് സൽമാൻ മൊഴി നൽകി. ഓഖല സ്വദേശിയായ ദേവേന്ദ്രക്കാണ് വിറ്റത്. വാഹനം മറ്റൊരാൾക്ക് വിറ്റു എന്ന സൽമാന്റെ മൊഴി ആർടിഒ സ്ഥിരീകരിച്ചു. ആർ ടി ഒ യുടെ കൂടി സഹായത്തോടെ കാറിൻ്റെ നിലവിലെ ഉടമയെ കണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാറിന്റെ നിലവിലെ ഉടമ പുൽവാമ സ്വദേശി താരിഖ് എന്നാണ് വിവരം.
ചെങ്കോട്ടയ്ക്ക് സമീപം വൈകിട്ട് 6.55നാണ് കാർ പൊട്ടിത്തെറിച്ചത്. സാവധാനം നീങ്ങിയ വാഹനം ട്രാഫിക് സിഗ്നലിന് സമീപം നിർത്തിയപ്പോൾ വൻ സ്ഫോടനം ഉണ്ടാവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും അഗ്നിക്കിരയായി. 8 പേർ മരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു. ചിന്നിച്ചിതറി, തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം. മുപ്പതോളം പേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഒരു കിലോമീറ്റർ ദൂരത്തേക്ക് സ്ഫോടന ശബ്ദം കേട്ടു. സ്ഫോടന കാരണം അന്വേഷിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി.
ഡൽഹിയിലെ സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലം സുരക്ഷ ശക്തമാക്കി. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാറിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. പാകിസ്ഥാൻ – ബംഗ്ലാദേശ് അതിർത്തികളിൽ ജാഗ്രത നിർദേശം നൽകി. ഡൽഹിയിലെ എല്ലാ മാർക്കറ്റുകളും ഷോപ്പിംഗ് ഏരിയകളും അടച്ചിടാൻ ഡൽഹി സർക്കാരും ഡൽഹി പോലീസും നിർദ്ദേശം നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആരാധനാലയങ്ങൾ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് സുരക്ഷാ വർദ്ധിപ്പിച്ചു.
















