പൊട്ടിപ്പോയ എന്തെങ്കിലും സാധനങ്ങൾ ഒട്ടിക്കാനായി ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ ഒക്കെ നാം ഉപയോഗിക്കാറുണ്ടല്ലേ? എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ മിക്കപ്പോഴും സംഭവിക്കാറുള്ളത് പശ കയ്യിൽ ഒട്ടിപ്പിടിക്കും എന്നതാണ്. വിരലുകളിലും കൈപ്പത്തിയിലുമൊക്കെ ഇത്തരത്തിൽ പശ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഇത് മാറ്റാൻ നമ്മൾ പലരും കൈ ഒരയ്ക്കുകയോ പശ ഇളക്കാൻ ശ്രമിക്കുകയോ വെള്ളം ഉപയോഗിച്ച് കഴുകാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യാറുണ്ടെങ്കിലും പലപ്പോഴും പശ ഇളക്കി കളയാൻ കഴിയാതെ വരും. ഇങ്ങനെ ചെയ്യുമ്പോൾ ചിലപ്പോൾ നമ്മുടെ ചർമവും ഇളകിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ വീട്ടിൽ തന്നെയുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാകാതെ വളരെ എളുപ്പത്തിൽ പശ നീക്കം ചെയ്യാവുന്നതേയുള്ളൂ. അതിനുള്ള ചില പൊടിക്കൈകൾ നോക്കിയാലോ?
എണ്ണ
വിരലുകളിൽ അല്പം എണ്ണ പുരട്ടി, കുറച്ചു നേരം വയ്ക്കുക, തുടർന്ന് പശ പറ്റിപ്പിടിച്ച ഭാഗം അയവുവരുത്താൻ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. പശ പെട്ടെന്ന് ഇളകിപ്പോരും.
നെയിൽ പോളിഷ് റിമൂവർ
നെയിൽ പോളിഷ് റിമൂവർ തേയ്ക്കുന്നത് മറ്റൊരു പരിഹാരമാണ്. ഫെവിക്വിക്ക് നീക്കം ചെയ്യാനും ഇത് ഉപയോഗിക്കാം. നെയിൽ പോളിഷ് റിമൂവർ പഞ്ഞിയിൽ മുക്കി ആ ഭാഗത്ത് തേയ്ക്കുക. പശ പതിയെ അലിഞ്ഞുപോകും. അസെറ്റോൺ അടങ്ങിയ റിമൂവറാണെങ്കിൽ പെട്ടെന്ന് ഫലം കിട്ടും.
നാരങ്ങാനീര്
നാരങ്ങാനീര് മറ്റൊരു എളുപ്പവഴിയാണ്. നാരങ്ങയിലെ അസിഡിറ്റി പശയെ അലിയിക്കുന്നു. പശ നിങ്ങളുടെ തൊലിയിൽ പറ്റിപ്പിടിച്ചാലുടൻ, കുറച്ച് നാരങ്ങാനീര് പുരട്ടി പതുക്കെ തടവുക. ഇത് പശ പൊളിഞ്ഞുപോകാനും ആ ഭാഗത്തെ ചർമം മൃദുവാക്കാനും സഹായിക്കും.
ഉപ്പ്
വിരലുകളിൽ പശ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് അൽപം ഉപ്പ് തേച്ചാൽ പശയുടെ കാഠിന്യം കുറയും. ഉപ്പിനൊപ്പം അല്പം വിനാഗിരി കലർത്തിയും ഉപയോഗിക്കാം. ഇവ പശ മൃദുവാക്കാനും ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നത് തടയാനും സഹായിക്കും.
ഒലിവ് ഓയിൽ
മാർഗരിൻ അല്ലെങ്കിൽ ഒലിവ് ഓയിൽ മറ്റൊരു പ്രകൃതിദത്തമായ മാർഗ്ഗമാണ്. ഇതിലെ എണ്ണമയം പശയുമായി പ്രവർത്തിച്ച് അതിന്റെ കാഠിന്യം കുറയ്ക്കുന്നു.
ഡിറ്റർജന്റ്
ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ കാൽ കപ്പ് ഡിറ്റർജന്റ് കലർത്തി ഏകദേശം ഇരുപത് സെക്കൻഡ് നേരത്തേക്ക് പശ പറ്റിപ്പിടിച്ച ഭാഗം അതിലേക്ക് മുക്കിവെക്കുക. പശ പെട്ടെന്ന് ഇളകിപ്പോകാനിത് ബെസ്റ്റാണ്.
സോപ്പും ചെറുചൂടുവെള്ളവും
പശയുടെ കാഠിന്യം കുറയ്ക്കുന്നതിനായി, സോപ്പ് കലർന്ന ചെറുചൂടുവെള്ളം ആ ഭാഗത്ത് മുക്കിവെയ്ക്കുക. പശ പെട്ടെന്ന് ഇളകിപ്പോരാൻ ഇത് സഹായിക്കും.
















