ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്‌ഫോടനം സംബന്ധിച്ച് അന്വേഷണം ഊർജ്ജിതം. സംഭവത്തിന് പിന്നിൽ ഭീകരശക്തികളുടെ പങ്ക് തള്ളിയിട്ടില്ലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. പ്രാഥമികമായി എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. അതേസമയം, സ്ഫോടനത്തിന് പിന്നാലെ ചർച്ചയാകുന്നത് ലഷ്‌കർ-എ-തൊയ്ബാ കമാൻഡർ പുറത്തുവിട്ട ഒരു വീഡിയോയാണ്.
പാകിസ്താനിലെ ഖൈർപൂർ തമേവാലിയിൽ നിന്നുള്ള ലഷ്‌കർ-എ-തൊയ്ബാ കമാൻഡർ സൈഫുള്ള സെയ്ഫ് ഒക്ടോബർ 30-ന് പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോൾ രഹസ്യാന്വേഷണ ഏജൻസികൾ ഗൗരവമായി പരിശോധിക്കുന്നത്. ‘ഓപ്പറേഷൻ സിന്ദൂർ’ ന് പകരംവീട്ടാനുള്ള നീക്കം സംഘടന നടത്തുന്നെന്നും ഇയാൾ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. ലഷ്‌കർ തലവൻ ഹാഫിസ് സെയ്ദ് ബംഗ്ലാദേശ് വഴിയാണ് ഇന്ത്യയ്‌ക്കെതിരെ പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് സൈഫ് വ്യക്തമാക്കിയിരുന്നു.
ഈ പ്രസ്താവനയ്ക്ക് പിന്നാലെ, പാകിസ്താനിൽ നിന്നുള്ള ലഷ്‌കർ തീവ്രവാദികളെ ബംഗ്ലാദേശിലേക്ക് നീക്കിയതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ വിലയിരുത്തുന്നു.
















