സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക്. നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലായെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജയെ ട്രേഡിൽ വിടാനുള്ള നീക്കവും അവസാന ഘട്ടത്തിലേക്കാണ്. ഓൾറൗണ്ടർ സാം കറണാണ് ആർആർ ടീമിനൊപ്പം ചേരുന്ന മറ്റൊരു സിഎസ്‌കെ താരം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വരുന്ന 48 മണിക്കൂറിനുള്ളിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.
നേരത്തെ ഈയൊരു നീക്കം വാർത്തകളിൽ നിറഞ്ഞിരുന്നെങ്കിലും ജഡേജയ്ക്ക് കൈമാറ്റത്തിന് താൽപര്യമില്ലെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. താരത്തിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജ് അപ്രത്യക്ഷമായതും അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു. എന്നാൽ താരകൈമാറ്റം ശരിയായ ട്രാക്കിലാണെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. ട്രേഡിന് ബിസിസിഐ അനുമതിയടക്കം നേടിയെടുക്കേണ്ടതുണ്ട്.
മൂന്ന് കളിക്കാരും ഇതിനോടകം സമ്മതമറിയിച്ചു കഴിഞ്ഞു. മറ്റു ടെക്‌നിക്കൽ കാര്യങ്ങളാണ് ഇനി പൂർത്തിയാകാനുള്ളതെന്ന് ഫ്രാഞ്ചൈസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ട്രേഡ് ചെയ്യപ്പെടുന്ന കളിക്കാരൻ വിദേശ പ്ലെയറാണെങ്കിൽ അതാത് ബോർഡിൽ നിന്ന് എൻഒസി വാങ്ങേണ്ടതുണ്ട്. ഇതോടെ ഇംഗ്ലീഷ് താരം സാം കറണ് ഇംഗ്ലണ്ട്-വെയിൽസ് ക്രിക്കറ്റ് ബോർഡിൽ നിന്നാണ് എൻഒസി വാങ്ങിയെടുക്കേണ്ടത്. ഇതെല്ലാം കണക്കാക്കിയാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് രണ്ട്ദിവസമെടുക്കുമെന്ന് അറിയിച്ചത്.
















