കോഴിക്കോട്: വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിൽ 40കാരൻ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂർ എരിമയൂർ പുത്തൻവീട്ടിൽ ഷാജഹാനാണാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അബുദാബിയിലെ യുവതി താമസിക്കുന്ന ഫ്ലാറ്റിന് സമീപം താമസക്കാരനായിരുന്നു പ്രതി. പരിചയത്തിലൂടെ സൗഹൃദം വളർന്ന സാഹചര്യത്തിൽ യുവതിയിൽ നിന്ന് 1,15,000 രൂപ വിലയുള്ള ഐഫോണും 33,600 രൂപയുടെ ഹെഡ്സെറ്റും ലാപ്‌ടോപ്പും നേരത്തേ വാങ്ങിയിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് സാധനങ്ങൾ തിരികെ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് വിമാന മിറങ്ങാൻ നിർദേശിച്ചു. സാധനങ്ങൾ ഹോട്ടലിലാണെന്ന വ്യാജേന യുവതിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ലൊക്കേഷൻ പാലക്കാടെന്നു സ്ഥിരീകരിച്ചു. ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ സജേഷ്, എസ്‌സിപിഒ ദീപു എന്നിവർ ചേർന്ന് ആലത്തൂരിൽവച്ച് പ്രതിയെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.
















