തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാന്‍ ഹുസൈന്‍ രാജിവച്ചു.
വിഴിഞ്ഞം, ഹാര്‍ബര്‍, പോര്‍ട്ട് വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ് ഹിസാന്‍.
തന്റെ പെട്ടി ചുമക്കുന്ന രാഷ്ട്രീയ അടിമകളെ പാര്‍ട്ടിയുടെയും യുവജന സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളില്‍ തിരുകിക്കയറ്റി വിന്‍സെന്റ് എംഎല്‍എ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.
‘യൂത്ത് കോണ്‍ഗ്രസിന്റെ സംഘടന തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ചവരെപോലും എം.എല്‍.എയുടെ സ്വാധീനം ഉപയോഗിച്ച് പാര്‍ട്ടി പരിപാടികളില്‍ ഒറ്റപ്പെടുത്തുകയും യോഗങ്ങള്‍ അറിയിക്കാതിരിക്കുകയും വേദികളില്‍ അവഗണിക്കുകയും ചെയ്യുന്നതിനെതിരെയാണ് പ്രതിഷേധ രാജി.
വിഴിഞ്ഞത്തെ കടല്‍ തീരത്ത് പിന്നോക്ക സമുദായത്തില്‍ പിറന്ന് ആത്മാര്‍ത്ഥതയും സംഘടനാ ബോധവും യുവത്വവും കഠിനാധ്വാനം കൊണ്ട് ഞാന്‍ പടുത്തുയര്‍ത്തിയ എന്റെ 16 വര്‍ഷത്തെ രാഷ്ട്രീയ ഭാവിയെ നിഷ്‌കരുണം ചവിട്ടി തേച്ച എംഎല്‍എയോട് തോറ്റു പുറത്തായി വീട്ടിലിരിക്കുവാന്‍ മാത്രം ഭീരു അല്ലെന്നും’ ഹിസാന്‍ പറയുന്നു.
















