വടകര: പ്രണയം നടിച്ച് വീഡിയോ കോളിനിടെ സ്ക്രീൻഷോട്ടുകൾ എടുത്ത് പെയ്ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച കേസിൽ കൂടരഞ്ഞി സ്വദേശിയായ ക്ലമൻ്റിനെ വടകര സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയും പ്രതിയും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ നിമിഷങ്ങളാണ് പണത്തിനായി വിവിധ ഗ്രൂപ്പുകളിൽ ഇയാൾ ചോർന്നുവിട്ടതെന്ന് പോലീസ് അറിയിച്ചു.
സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ സി.ആർ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഓൺലൈൻ തട്ടിപ്പിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അറസ്റ്റിന് ശേഷം പ്രതിയെ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസം റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്‌സിപിഒ ലിനീഷ് കുമാർ, സിപിഒമാരായ ടി. കെ. സാബു, അരുൺ ലാൽ, പി. കെ. എം. ശ്രീനേഷ് എന്നിവർ ഉൾപ്പെട്ടിരുന്നു.
















