തൃശൂര്‍: ഡല്‍ഹിയിലെ സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്ത് മതേതരത്വവും സ്‌നേഹവും നിലനില്‍ക്കുന്നിടത്തും അതിനെ ഉടയ്ക്കാന്‍ വേണ്ടിയുള്ള ശ്രമമായി ഭീകരാക്രമണത്തെ കാണേണ്ടതുണ്ട്.
പക്ഷെ ഭാരതത്തിലെ പൗരന്മാര്‍ സംയമനം പാലിച്ച്, ഇതിന്റെ പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും അസ്വാരസ്യം വിതറാതെ, നമ്മുടെ സാഹോദര്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ച് നിലകൊള്ളണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും, അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ രാജ്യമെമ്പാടും പരന്നു കിടപ്പുണ്ടെങ്കില്‍ അവരിലേക്ക് തീര്‍ച്ചയായും കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം പോകും.
നടപടിയും ഉണ്ടാകും എന്നു ഉറപ്പു നല്‍കുകയാണ്. ഡല്‍ഹിയില്‍ സംഭവിച്ചത് വളരെ ദൂരെയാണെന്ന് കരുതി നില്‍ക്കാനാകില്ല. സ്‌ഫോടനത്തില്‍ നിന്നുള്ള ഞെട്ടലിലും ഭയത്തിലും നിന്നും ജനങ്ങള്‍ ഇപ്പോഴും മുക്തമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
















