കോഴിക്കോട്: കോഴിക്കോട് നടന്ന പണത്തട്ടിപ്പ്–ആക്രമണ കേസിൽ പ്രധാന പ്രതി പൊലീസിന്റെ വലയിലായി. പുതിയങ്ങാടി പള്ളിക്കണ്ടി വീട്ടിൽ ഹർഷാദാ (30) ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മലാപ്പറമ്പിൽ കണ്ണൂർ സ്വദേശിയായ മുഹമ്മദ് നസീറിനെ ലക്ഷ്യമിട്ട് സംഘമായി അക്രമം നടത്തിയെന്നത് ആണ് പരാതി.
ഇഖ്റാ ഹോസ്പിറ്റലിന്റെ പാർക്കിങ് ഗ്രൗണ്ടിലാണ് സംഭവം നടന്നത്. നസീറിന്റെ ഫോൺ തകർത്തശേഷം കൈവശമുണ്ടായിരുന്ന 2.5 ലക്ഷം രൂപ അടങ്ങിയ ബാഗ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയി എന്നും പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.
ദുബായിൽ ജോലി ചെയ്യുന്ന മുനീർ മുസ്തഫയുടെ ക്രിപ്റ്റോ ഇടപാടിനായി പേരാമ്പ്ര സ്വദേശി അൻസിഫുമായി ബന്ധപ്പെടുകയും പകരം പണം നൽകണമെന്ന് പറഞ്ഞതിനെ തുടർന്നാണ് നസീർ സ്ഥലത്തെത്തിയത്. തുടർന്ന് സംഭവിച്ചത് ആക്രമണവും കവർച്ചയും.
ഇൻസ്പെക്ടർ പ്രജീഷിന്റെ നിർദ്ദേശപ്രകാരം വെള്ളയിൽ ഭാഗത്ത് എസ്ഐമാരായ ലീല, ജാക്സൻ എന്നിവർ ഉൾപ്പെടുന്ന പൊലീസിന്റെ സംഘം പ്രതിയെ പിടികൂടി. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
















