കുന്നമംഗലം: സുസ്ഥിര ഭാവിക്കായി വിപുലമായ സംവിധാന രൂപകൽപനകളെ ആസ്പദമാക്കി ദേശീയ സാങ്കേതികവിദ്യാ സ്ഥാപനത്തിൽ (എൻഐടി) അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം കുറിച്ചു. വിദ്യാഭ്യാസം, നയരൂപീകരണം, ഗവേഷണം, നവീകരണം എന്നിവയിൽ പ്രവർത്തിക്കുന്ന ആഗോള വിദഗ്ധരും പ്രമുഖരുമാണ് ത്രിദിന സമ്മേളനത്തിന് ഒരുമിക്കുന്നത്. സുസ്ഥിര വികസനം, ആജീവനാന്ത പഠനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയുടെ പ്രധാനം.
മൂന്നാമത് ഏഷ്യൻ–യൂറോപ്പ് മീറ്റിംഗ് ലൈഫ് ലോങ് ലേണിംഗ് ഹബ്ബിന്റെ ദക്ഷിണേഷ്യൻ വാർഷിക സമ്മേളനവും 19-ാമത് പാസ്കൽ ഇന്റർനാഷണൽ ഒബ്സർവേറ്ററി കോൺഫറൻസും ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ എൻഐടി ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. ഗോകൂലം ഗോപാലൻ മുഖ്യാതിഥിയായിരുന്നു. ട്രാൻസ് ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് പ്രൊഫസർ ടി.പി. സേതുമാധവൻ വിശിഷ്ടാതിഥിയായി. പ്രൊഫ. സെയ്കസ് ഒതുവാമ, പ്രൊഫ. മൈക്കൽ ഓസ്‌ബോൺ, കെ. ആനന്ദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
















