ന്യൂഡൽഹി ചെങ്കോട്ടയിൽ നടന്ന കാർ സ്ഫോടനം ജനങ്ങളിൽ വലിയ ആഘാദം ആണ് ഉണ്ടാക്കിയത്. സ്‌ഫോടനത്തിൽ ഒമ്പത് പേരാണ് മരിച്ചത് കൂടാതെ നിരവധിപേർക്ക് പരിക്കും സംഭവിച്ചു. ജീവൻ നഷ്ട്ടപെട്ട ഒമ്പതുപേരിൽ ഒരാൾ ഉത്തർപ്രദേശിലെ അമ്രോഹ സ്വദേശിയായ ബസ് കണ്ടക്ടർ അശോക് ആണ്. എട്ട് പേരടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന മാർഗമായിരുന്നു അശോക്. രാവിലെ കണ്ടക്ടർ ആയും രാത്രി സെക്യൂരിറ്റി ആയും ജോലി നോക്കിയാണ് അശോക് തന്റെ കുടുംബം നോക്കിയിരുന്നത്.
ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന അശോക് പതിവ് പോലെ ജോലിക്ക് വന്നതായിരുന്നു. ‘ഞാൻ മരിച്ചവരുടെ പട്ടികയിൽ അശോകിന്റെ പേര് വായിച്ചു. അദ്ദേഹം എന്റെ കസിൻ ആണ്. സ്ഥിരീകരിക്കാൻ ഞാൻ പലരെയും വിളിച്ചു. അദ്ദേഹത്തിന്റെ കൈവശം ഒരു ബൈക്കും ഉണ്ടായിരുന്നു. അത് ഇപ്പോൾ കാണുന്നില്ല. അശോക് ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരിക്കണം അപകടം നടന്നത്. അല്ലെങ്കിൽ എവിടെയെങ്കിലും പോയതായിരിക്കാം. അദ്ദേഹം ഈ വഴിയാണ് സഞ്ചരിച്ചിരുന്നത്’’ – അശോകിന്റെ ബന്ധുവായ പപ്പുവിന്റെ വാക്കുകളാണ് ഇത്.
അപകടസ്ഥലത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ ഡൽഹിയിലെ ജഗത്പൂരിലാണ് അശോകും ഭാര്യയും മൂന്ന് കുട്ടികളും താമസിച്ചിരുന്നത്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് ഇവർക്കുള്ളത്. അശോകിന്റെ അമ്മ സോമവതി മൂത്ത മകൻ സുഭാഷിനൊപ്പം ഉത്തർപ്രദേശിലെ ഗ്രാമത്തിലാണ് താമസിക്കുന്നത്. സുഭാഷ് അസുഖ ബാധിതനായതിനാൽ, അശോക് ഒറ്റയ്ക്കാണ് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്നത് . പകൽ സമയത്ത് കണ്ടക്ടറായും രാത്രിയിൽ സെക്യൂരിറ്റി ഗാർഡായും ജോലി ചെയ്താണ് അശോക് തന്റെ കുടുംബം പോറ്റിയത്.
ഡൽഹി സ്ഫോടനത്തിന്റെ മറ്റൊരു ഇരയാണ് ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ അമർ കടാരിയ. ശ്രീനിവാസ്പുരി നിവാസിയായ 34 വയസ്സുള്ള അമർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പോകവേയാണ് അപകടം. ചെങ്കോട്ടയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയുള്ള ഭഗീരഥ് പാലസിലെ തന്റെ ഫാർമസി അടച്ചുപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു അമർ.
















