തിരുവനന്തപുരം നഗരസഭയുടെ തെരഞ്ഞെടുപ്പു കളം വ്യക്തമായതോടെ സ്ഥാനാര്‍ത്ഥികള്‍ വോട്ടു പിടുത്തത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം തുടക്കത്തിലേ ആക്രമിച്ചു മുന്നേറാനുള്ള തന്ത്രങ്ങളാണ് മുന്നണികളും പ്രവര്‍ത്തകരും പയറ്റുന്നത്. കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും, അട്ടിമറിക്കാന്‍ ബി.ജെ.പിയും, ഭരണം പിടിക്കാന്‍ യു.ഡി.എഫും കച്ചമുറുക്കിയിരിക്കുകയാണ്. നിലവില്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷം ബി.ജെ.പിയാണ്. കോണ്‍ഗ്രസിന്റെ പ്രതിപക്ഷാധിപത്യം കഴിഞ്ഞ തവണയോടെ ബി.ജെ.പി കൈയ്യടക്കിയിരുന്നു. ഈ ആത്മവിശ്വാസമാണ് ഇത്തവണത്തെ അട്ടിമറി വിജയത്തിനു ആക്കം കൂട്ടുന്നത്. എന്നാല്‍, വിജയത്തില്‍ കുറഞ്ഞതൊന്നും എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. തുടര്‍ച്ചയും പിന്‍തുടര്‍ച്ചയും മാത്രമാണ് ഇവര്‍ക്കു മുമ്പിലുള്ളത്.
അരുവിക്കര മുന്‍ എം.എല്‍.എ കൂടിയായ ശബരിനാഥിനെ മേ.യര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫിന്റെ മത്സരം. ഇതെനെയല്ലാം വെട്ടാന്‍ പാകത്തിന് മുന്‍ ഡി.ജി.പിയെയും മുന്‍ ഒളിമ്പ്യനെയുമെല്ലാം ഇറക്കിയാണ് ബി.ജെ.പിയുടെ മറുപടി. തലസ്ഥാനത്തെ തല ആകാനുള്ള പോരാട്ടമായതു കൊണ്ടാണ് സ്ഥനാര്‍ത്ഥികള്‍ ഇത്രയും ക്വാളിറ്റിയുള്ളവര്‍ ആകണമെന്ന് തീരുമാനിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം മണ്ഡലത്തിലേക്ക് ശശിതരൂരിനെ കോണ്‍ഗ്രസ് ഇറക്കിയ അതേ സ്ട്രാറ്റജിയിലാണ് ബി.ജെ.പിയുടെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ നയം.
തലസ്ഥാന ജനങ്ങളാണ് ഇനി തീരുമാനിക്കേണ്ടത്. അപ്പോഴും വ്യക്തി ഹത്യയും രാഷ്ട്രീയ വൈരവും ഒട്ടും കുറയ്ക്കാതെയാണ് മുന്നണികള്‍ പ്രചാരണം മുന്നോട്ടു കൊണ്ടു പോകുന്നത്. സ്വാഭാവികമായും വോട്ടെടുപ്പ് അടുക്കുമ്പോഴാണ് വ്യക്തിഹത്യകള്‍ അധികമായി വരുന്നത്. എന്നാല്‍, ഇത്തവണ തുടക്കത്തിലേ എടുത്തു പയറ്റുകയാണ് മുന്നണികള്‍. ശാസ്തമംഗലം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരേ സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. എപ്പോഴും രണ്ടു ഡസന്‍ പോലീസുകാരുടെ സുരക്ഷയില്‍ ജീവിച്ചിരുന്ന ആള്‍, നാട്ടിലൊരു പട്ടി ചത്തു കിടന്നാല്‍ വെട്ടി മൂടാന്‍ വരുമോ എന്നാണ് ജോയി ചോദിക്കുന്നത്.
സാധാരണക്കാരുമായി ചേര്‍ന്നു ജീവിക്കുന്നവര്‍ക്കു മാത്രമേ അങ്ങനെ കഴിയൂ എന്നും വി.ജോയി പറയുന്നു. എന്നാല്‍, താന്‍ സാധാരണ ജനങ്ങള്‍ക്കൊപ്പം ജീവിച്ച വ്യക്തിയാണ്. തന്നെക്കുറിച്ച് ആളുകള്‍ക്ക് എന്തും പറയാം. പ്രത്യേകിച്ച് ഭയം ഉള്ളിലുള്ളപ്പോള്‍. കുറ്റം പറയാന്‍ കഥ മെനഞ്ഞെടുത്ത് ആര്‍ക്കും പറയാം. അതൊക്കെ പ്രതീക്ഷിച്ചിട്ടാണ് മത്സരത്തിനിറങ്ങിയതെന്നാണ് ശ്രീലേഖയുടെ മറുപടി.
CONTENT HIGH LIGHTS; Will you come to bury a dead dog?: Former DGP R. Sreelekha says he knows he will have to hear all this
















