ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരണം 12 ആയി. പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മൂന്നുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 12 ആയത്. ഇന്നലെ വൈകിട്ടുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേരുടെ മരണം സ്ഥിതികരിച്ചിരുന്നു ,ഇരുപതോളം പേര് പരുക്കേറ്റ് ചികിത്സയിലായിരുന്നു.അതിലെ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയത്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്‌നലില്‍ വേഗത കുറച്ച് സഞ്ചരിക്കുകയായിരുന്ന കാറിലാണ് ശക്തമായ സ്‌ഫോടനമുണ്ടായത്.
കഴിഞ്ഞ ദിവസം ഫരീദാബാദില്‍ ഹരിയാന ജമ്മു പോലീസ് സ്‌ഫോടകവസ്തുക്കൾ പിടികൂടിയ സംഭവവുമായി ചെങ്കോട്ട സ്ഫോടനത്തിന്റെ ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. ഫരീദാബാദില്‍നിന്ന് പിടികൂടിയവരുടെ പങ്കാളിയായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി നടത്തിയ ചാവേര്‍ സ്‌ഫോടനമാണ് ചെങ്കോട്ടയിലേതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസ് വിവിധ സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തുന്നുണ്ട്. ഉമര്‍ തന്നെയാണ് സ്‌ഫോടനം നടത്തിയതെന്ന് സ്ഥിരീകരിക്കുന്നതിന് ഡിഎന്‍എ പരിശോധനയടക്കം നടത്തിവരികയാണ് .
ഉമര്‍ ഉന്‍ നബിയുടെ മാതാവിനേയും സഹോദരങ്ങളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന കാറില്‍ ഉമര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. കാര്‍ ഓടിച്ചിരുന്ന ആളുടേതെന്ന് സംശയിക്കുന്ന അറ്റുപോയ കൈ സംഭവസ്ഥലത്ത് നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ് പോലീസ്.
ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ന്യൂഡൽഹിയിൽ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
















