ഫുട്‌ബോൾ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിലേക്ക് കടന്ന് ജർമനിയും സ്വിറ്റ്‌സർലൻഡും മുന്നേറി. ദോഹയിൽ നടന്ന മത്സരത്തിൽ എൽ സാൽവഡോറിനെതിരെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ജർമനി തകർത്തത്. ജെറമിയ മെൻസയുടെ ഇരട്ട ഗോളുകളാണ് ജർമനിയുടെ വിജയം അനായാസമാക്കിയത്. 32-ാം മിനിറ്റിൽ മെൻസ ഗോൾ വേട്ടക്ക് തുടക്കമിട്ടപ്പോൾ പിന്നാലെ അലക്‌സാണ്ടർ സ്റ്റാഫ് (41), വിസ്ഡം മൈക്ക് (45) എന്നിവർ ഗോളുകൾ നേടി ആദ്യ പകുതിയിൽ തന്നെ 3-0 ലീഡ് നൽകി. ഇടവേളയ്ക്ക് ശേഷം റെയ്‌സിന്റെ സെൽഫ് ഗോളും (52) മെൻസയുടെ രണ്ടാം ഗോളും (55) വന്നതോടെ ലീഡ് ഉയർന്നു. എയ്‌ക്കൽ (69), പ്രെനാജ് (84) എന്നിവരും ഗോൾ നേടി പട്ടിക പൂർത്തിയാക്കി. ഈ വിജയത്തോടെ ജർമനി ജി-ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു.
മറ്റൊരു മത്സരത്തിൽ ഗ്രൂപ്പ് എഫിൽ സ്വിറ്റ്‌സർലൻഡ് 3-1ന് മെക്സിക്കോയെ പരാജയപ്പെടുത്തി നോക്കൗട്ട് റൗണ്ടിൽ പ്രവേശനം ഉറപ്പാക്കി. മിജാജ്‌ലോവിച്ചിന്റെ ഇരട്ട ഗോളുകളാണ് സ്വിറ്റ്‌സർലൻഡിന് വിജയം സമ്മാനിച്ചത്. 17-ാം മിനിറ്റിൽ മിജാജ്‌ലോവിച്ച് സ്കോറിംഗ് തുടങ്ങി. മെക്സിക്കൻ ഗോൾകീപ്പർ സാന്റിയാഗോ ലോപ്പസിന്റെ സെൽഫ് ഗോൾ സ്വിറ്റ്‌സർലൻഡിന്റെ ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ മെക്സിക്കോയുടെ ആൽഡോ ഡി നിഗ്രിസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും, മിജാജ്‌ലോവിച്ച് ഉടൻ തന്നെ തന്റെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു.
അതേസമയം, ഐവറികോസ്റ്റിനെതിരെ (3-1) വിജയം നേടിയ ദക്ഷിണ കൊറിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. കിം ജിസുങ് (26), ജിയോങ് ഹ്യോനുങ് (48), യി യോങ്‌ഹിയോൺ (87) എന്നിവരാണ് ദക്ഷിണ കൊറിയക്കായി ഗോളുകൾ നേടിയത്. മറ്റൊരു കളിയിൽ ഉത്തര കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കൊളംബിയ പരാജയപ്പെടുത്തി. ഗ്രൂപ്പ് എച്ചിൽ ബ്രസീൽ-സാംബിയ ടൂർണമെന്റ് ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞെങ്കിലും ഇരു ടീമുകളും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
















