അസമിലെ ജോർഹട്ട് ജില്ലയിൽ ഗർഭിണിയായ 18 വയസ്സുകാരിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ പ്രമുഖ ആത്മീയ ചികിത്സകനും (Spiritual healer) അദ്ദേഹത്തിന്റെ രണ്ട് മക്കളും അറസ്റ്റിൽ. പ്രാദേശിക കോളേജ് വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാതായതായി നാല് ദിവസത്തിന് ശേഷമാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.
തിങ്കളാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെടുമ്പോൾ പെൺകുട്ടി ഏഴ് മാസം ഗർഭിണിയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജഗത് സിംഹ, ഇയാളുടെ മക്കളായ ജിബോൺ (40), കിഷൻ (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ സഹായിച്ചതിനാണ് മക്കളെ അറസ്റ്റ് ചെയ്തതെന്ന് ജോർഹട്ട് പോലീസ് അറിയിച്ചു. ചോദ്യംചെയ്യലിൽ മുഖ്യപ്രതിയായ ജഗത് സിംഹ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
ജോർഹട്ട് എസ്.എസ്.പി സുഭ്രജ്യോതി ബോറയുടെ വെളിപ്പെടുത്തൽ അനുസരിച്ച്, ജഗത് സിംഹ പ്രദേശത്തെ അറിയപ്പെടുന്ന ആത്മീയ ചികിത്സകനാണ്. ഇയാൾ തന്റെ സ്വാധീനം ഉപയോഗിച്ച് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പരീക്ഷയിൽ വിജയിക്കാൻ ‘അത്ഭുത ശക്തിയുള്ള’ പേന സമ്മാനിച്ചാണ് ഇയാൾ പെൺകുട്ടിയെ തന്ത്രപരമായി വലയിലാക്കിയതെന്ന് പെൺകുട്ടിയുടെ കുടുംബം വെളിപ്പെടുത്തി. നവംബർ ഏഴിനാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നൽകിയത്.
കാണാതായതിനെത്തുടർന്ന് സിംഹയെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ നവംബർ 9-ന് പോലീസ് സ്റ്റേഷനിൽ വെച്ച് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ പോലീസിനോട് കുറ്റം ഏറ്റുപറഞ്ഞത്. ഗർഭഛിദ്രത്തിനായി ഇയാൾ പെൺകുട്ടിയുമായി വിവിധ കേന്ദ്രങ്ങളെ സമീപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ജോർഹട്ട് പോലീസ് അറിയിച്ചു. ഗർഭധാരണത്തെക്കുറിച്ച് വിവരമറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിരുന്നതിന് ഒരു പ്രാദേശിക ഫാർമസിസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതും പോക്സോ പ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രാദേശിക പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജിന്റെ നിരുത്തരവാദിത്വപരമായ കേസ് അന്വേഷണത്തിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
















