ഇത്തവണ ക്രിസ്മസിന് ഏറ്റുമുട്ടുന്നത് മലയാള സിനിമയിലെ സീനിയറും ജൂനിയറും തമ്മിലാണ്. മലയാളികളുടെ ഇഷ്ട നടന്മാരായ മോഹൻലാലും നിവിൻ പോളിയും ആണ് വമ്പൻ ചിത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മോഹൻലാൽ നായകനായ ‘വൃഷഭ’യും നിവിൻപോളി നായകനായ ‘സർവ്വം മായ’ എന്ന ചിത്രവുമാണ് മത്സരിക്കുന്നത്. നിവിൻ പോളിയുടെ ഒരു കിടിലൻ തിരിച്ചുവരവ് തന്നെ ആയിരിക്കും ‘സർവ്വം മായ’.
എന്നാൽ ഇത് ആദ്യമായിട്ടല്ല മോഹൻലാൽ-നിവിൻ പോളി സിനിമകൾ ക്ലാഷിനൊരുങ്ങുന്നത്. മുൻപ് മൂന്ന് തവണ ഇരുവരുടെയും സിനിമകൾ ഒന്നിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്. 2015 ലാണ് ആദ്യമായി മോഹൻലാൽ-നിവിൻ പോളി സിനിമകൾ ഒന്നിച്ചെത്തിയത്. എന്നും ഇപ്പോഴും, ഒരു വടക്കൻ സെൽഫി എന്നീ സിനിമകളാണ് മാർച്ച് 27 ന് ക്ലാഷിനെത്തിയത്. സത്യൻ അന്തിക്കാട് ഒരുക്കിയ എന്നും എപ്പോഴും മികച്ച പ്രതികരണം നേടുകയും ബോക്സ് ഓഫീസിൽ വിജയമാകുകയും ചെയ്‌തു. ഫീൽ ഗുഡ് സ്വഭാവത്തിൽ പുറത്തിറങ്ങിയ സിനിമയിൽ മഞ്ജു വാര്യർ, ലെന, ഇന്നസെന്റ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വിനീത് ശ്രീനിവാസന്റെ തിരക്കഥയിൽ ജി പ്രജിത് ഒരുക്കിയ ഒരു വടക്കൻ സെൽഫി 2015 വലിയ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു. നാല് കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ 25 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്.
2017 ലായിരുന്നു വീണ്ടും ഇരുവരുടെയും സിനിമകൾ ഒരുമിച്ചെത്തിയത്. ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകവുമായി മോഹൻലാൽ എത്തിയപ്പോൾ അൽത്താഫ് സലിം ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആയിരുന്നു നിവിൻ ചിത്രം. ഓണം റിലീസായി പുറത്തിറങ്ങിയ ഇരുസിനിമകൾക്കും ബോക്സ് ഓഫീസിൽ വിജയിക്കാനായി. സമ്മിശ്ര പ്രതികരണമായിരുന്നു വെളിപാടിന്റെ പുസ്തകത്തിന് ലഭിച്ചതെങ്കിലും സിനിമയ്ക്ക് തിയേറ്ററിൽ ആളെക്കൂട്ടാനായി. അതേസമയം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.
2019 ഓണം സീസണിൽ ഇരുവരുടെയും സിനിമകൾ വീണ്ടും ഏറ്റുമുട്ടി. ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരുക്കിയ ലവ് ആക്ഷൻ ഡ്രാമയുമായി നിവിൻ പോളി എത്തി. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിലെ ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി സിനിമ. നിവിന്റെ പ്രകടനവും സിനിമയുടെ മേക്കിങ്ങും കയ്യടി വാങ്ങി. അതേസമയം, മോഹൻലാൽ ചിത്രം ഇട്ടിമാണിയും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. എന്നാൽ കളക്ഷനിൽ മുന്നിലെത്താൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ ഇത്തവണ ക്രിസ്മസിന് മോഹൻലാൽ-നിവിൻ പോളി സിനിമകൾ ഒരിക്കൽ കൂടി ഒരുമിച്ച് തിയേറ്ററുകളിൽ എത്തുകയാണ്. നിവിന്റെ സർവ്വം മായയും മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയുമാണ് ഒരുമിച്ചെത്തുന്നത്. അഖിൽ സത്യൻ ഒരുക്കുന്ന സർവ്വം മായ ഒരു ഹൊറർ കോമഡി ഴോണറിൽ ആണ് ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസ് ആയി സർവ്വം മായ തിയേറ്ററുകളിൽ എത്തും.പാൻ ഇന്ത്യൻ ചിത്രം വൃഷഭയാകട്ടെ ആഗോള തലത്തിൽ ഡിസംബർ 25 ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നേരത്തെ നവംബർ ആറിന് സിനിമ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും.
















