സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറായുടെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് തുടക്കമായി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അശ്ശറായുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചു. 1946-ൽ സിറിയ സ്വാതന്ത്ര്യം നേടിയതിന് ശേഷം യു.എസിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ആദ്യ സിറിയൻ പ്രസിഡന്റാണ് അശ്ശറാ എന്നത് ഈ കൂടിക്കാഴ്ചയ്ക്ക് ചരിത്രപരമായ പ്രാധാന്യം നൽകുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് അശ്ശറായെ പ്രശംസകൊണ്ട് മൂടി. “അദ്ദേഹം വളരെ ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്തുനിന്നാണ് വരുന്നത്, ഒരു പരുക്കൻ മനുഷ്യനാണ്. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്…” ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സിറിയയുടെ പങ്കിനെ എടുത്തുപറഞ്ഞ ട്രംപ്, “സിറിയയെ അഭിവൃദ്ധിപ്പെടുത്താൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യും” എന്നും കൂട്ടിച്ചേർത്തു. അശ്ശറായുടെ മുൻകാല അൽ ഖാഇദ ബന്ധത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, “നമുക്കെല്ലാവർക്കും ദുഷ്‌കരമായ ഭൂതകാലം ഉണ്ടല്ലോ,” എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.
യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് അശ്ശറായെ ഭീകരരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വൈറ്റ് ഹൗസിലേക്കുള്ള ക്ഷണം ലഭിച്ചത്. മുൻപ് അൽ ഖാഇദ മുൻ കമാൻഡറായിരുന്ന അശ്ശറായുടെ തലയ്ക്ക് 10 മില്യൺ ഡോളർ യു.എസ്. വിലയിട്ടിരുന്നു. കൂടാതെ, ആഭ്യന്തര മന്ത്രി അനസ് ഹസൻ ഖത്താബിനെതിരായ ഉപരോധവും യു.എസ്. നീക്കി. അമേരിക്ക അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗീകരിച്ചതോടെയാണ് ഈ ഉപരോധങ്ങൾ പിൻവലിക്കപ്പെട്ടത്. ചൈന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നെങ്കിലും മറ്റ് 14 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു.
അൽ ഖാഇദയുമായുള്ള തൻ്റെ ബന്ധം കഴിഞ്ഞ കാല കാര്യമാണെന്നും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അത് ചർച്ചയായില്ലെന്നും അശ്ശറാ വ്യക്തമാക്കി. “സിറിയ ഇപ്പോൾ അമേരിക്കയുടെ സഖ്യകക്ഷിയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു. നാല് വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ തകർന്ന രാജ്യത്തെ പുനർനിർമിക്കാൻ അശ്ശറാക്ക് കഴിയുമെന്നാണ് യു.എസ്. ഭരണകൂടം വിശ്വസിക്കുന്നത്. മുൻ ഭരണാധികാരി ബശ്ശാർ അൽ അസദിനെ പുറത്താക്കിയ ശേഷം കഴിഞ്ഞ മാസമാണ് സിറിയയിൽ തിരഞ്ഞെടുപ്പ് നടന്നത്. അശ്ശറായുടെ ഈ സന്ദർശനം സിറിയയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിടുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
















