ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗ്. അഞ്ച് മണിവരെ 67 ശതമാനത്തിന് മുകളിലാണ് പോളിംഗ്. പോളിംഗ് ശതമാനം ഉയർന്നത് ജയ സാധ്യത വർദ്ധിപ്പിച്ചതായി ഇരു മുന്നണികളും അവകാശപ്പെട്ടു. ഗ്രാമീണ മേഖലകളിൽ മികച്ച പോളിഗ് രേഖപ്പെടുത്തിയതാണ് പോളിംഗ് ശതമാനം ഉയരാൻ കാരണം. സ്ത്രീ വോട്ടർമാർ ഇത്തവണയും വോട്ടെടുപ്പിൽ സജീവമായി പങ്കെടുത്തു. അരാരിയയിൽ ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായത് ഒഴിച്ചാൽ കാര്യമായ അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല.
വോട്ടർ പട്ടികയിൽ നിന്ന് അകാരണമായി പേരുവെട്ടിയെന്ന് പൂർണിയയിലെ പ്രാൺപട്ടിയുള്ള നാട്ടുകാർ പരാതിപ്പെട്ടു. ഡൽഹിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാണ് വോട്ടിംഗ് നടന്നത്. സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ അഞ്ചുമണിയോടെ പോളിംഗ് അവസാനിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. പോളിംഗ് ശതമാനം ഉയർന്നത് സർക്കാർ അനുകൂല തരംഗമാണെന്ന് ബിജെപി അവകാശപ്പെട്ടു. മാറ്റത്തിന്റെ കാറ്റാണ് വീശുന്നതെന്ന് ആർജെഡി. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
STORY HIGHLIGHT : Bihar Assembly elections; Heavy voting in second phase
















