ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് തേന്‍. ഊർജത്തിന്റെ മികച്ച ഉറവിടമാണ് തേൻ. വളരെ ചെറിയ അളവിൽ മാത്രം പ്രോട്ടീൻ അടങ്ങിയ തേനിൽ കൊഴുപ്പ് ഒട്ടുമില്ല. വൈറ്റമിൻ സി, ബി വൈറ്റമിനുകൾ ഇവ അടങ്ങിയ തേനിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, അയൺ തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇത്രയധികം ഗുണങ്ങളുളള തേന്‍ എന്തുകൊണ്ടാണ് ചൂടാക്കരുത് എന്ന് പറയുന്നതെന്ന് അറിയാം.
ആയുര്‍വ്വേദ ആരോഗ്യ പരിശീലകയായ ഡിംപിള്‍ ജങ്ഡ അടുത്തിടെ പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം റീലില്‍ തേന്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനെക്കുറിച്ച് ഒരു മുന്നറിയിപ്പ് നല്‍കുകയുണ്ടായി. തേന്‍ ചൂടാക്കുന്നത് അപകടകരമാണെന്നാണ് അവര്‍ പറയുന്നത്. തേന്‍ ചൂടാക്കുമ്പോള്‍ അതിന്റെ രാസഘടനയില്‍ മാറ്റംവരികയും ഹൈഡ്രോക്‌സിമീഥൈല്‍ഫ്യൂറല്‍(HMF) എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഡിംപിള്‍ നല്‍കുന്ന അറിവ്.
തേന്‍ ഉയര്‍ന്ന താപനിലയില്‍ (60ഡിഗ്രി C അല്ലെങ്കില്‍ 140ഡിഗ്രി F ന് മുകളില്‍) ചൂടാക്കുമ്പോള്‍ HMF എന്ന വിഷവസ്തു രൂപപ്പെടാന്‍ കാരണമാകും. മാത്രമല്ല ചൂടാക്കുന്നത് തേനിലെ പ്രധാനഘടകങ്ങളായ എന്‍സൈമുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, ബയോ ആക്ടീവ് സംയുക്തങ്ങള്‍ എന്നിവയെ നശിപ്പിക്കുന്നു. അതുകൊണ്ട് വിഷാംശം ഇല്ലാതിരിക്കാനും പോഷകഗുണം നഷ്ടപ്പെടാതിരിക്കാനും തേന്‍ ചൂടാക്കുന്നതോ തിളച്ച വെള്ളത്തില്‍ ഒഴിക്കുന്നതോ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
40ഡിഗ്രി C ല്‍ താഴെ ചൂടാക്കിയാല്‍ കുഴപ്പമില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. സംസ്‌കരിച്ച തേന്‍ പാസ്ചറൈസ് ചെയ്ത് ഫില്‍റ്റര്‍ ചെയ്യാറുണ്ട്. ഇത് തേനിലെ അണുക്കളെയും ബാക്ടീരിയയേയും നശിപ്പിക്കുമെങ്കിലും ഈ പ്രക്രിയയിലൂടെ തേനിലെ ചില ഗുണങ്ങള്‍ നഷ്ടപ്പെടുന്നുണ്ടത്രേ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉയര്‍ന്ന താപനിലയില്‍ തേന്‍ ചൂടാക്കരുത്. ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നവര്‍ വെളളത്തിന്റെ ചൂട് അല്‍പ്പം കുറയുമ്പോള്‍ തേന്‍ ചേര്‍ക്കുക.
സ്മൂത്തികള്‍, സാലഡ് ഡ്രസിംഗുകള്‍ എന്നിവയില്‍ ചൂട് ഇല്ലാതെ തേന്‍ ഉപയോഗിക്കുക. തേന്‍ അതിന്റെ സാധാരണ നിലയില്‍ കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. തൈര്, ഓട്‌സ്, പഴങ്ങള്‍ എന്നിവയില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. സാധാരണ തേനില്‍ എന്‍സൈമുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
















