തിരുവനന്തപുരം മ്യൂസിയം വളപ്പിൽ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പരുക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് ആന്റി റാബിസ് വാക്സിൻ എടുത്തു. മ്യൂസിയം വളപ്പിൽ രാവിലെ നടക്കാൻ ഇറങ്ങിയവരെയാണ് തെരുവുനായ ആക്രമിച്ചത്. മ്യൂസിയം വളപ്പിലേക്ക് ഭക്ഷണ വസ്തുക്കൾ കൊണ്ടുവരുന്നതിന് പൂർണ വിലക്കേർപ്പെടുത്തി. പാലോട് SIAD ൽ അയച്ച് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ബയോസെക്യൂരിറ്റി മേഖല ആയ മ്യൂസിയം കോമ്പൗണ്ടിൽ തെരുവ് നായ ശല്യം പൂർണമായും ഒഴിവാക്കണമെന്ന് മൃഗശാല ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന് അടിയന്തരയോഗം വിലയിരുത്തി.
സുപ്രീംകോടതി നിർദേശം കണക്കിലെടുത്ത് മ്യൂസിയം കൊമ്പൗണ്ടിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നവർക്ക് ബോധവത്കരണം നൽകാനും നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.തെരുവ് നായയുടെ കടിയേറ്റ മറ്റുള്ള നായ്ക്കളെ തിരുവനന്തപുരം കോർപറേഷൻ എ ബി സി സംഘം പിടികൂടി. 21 ദിവസത്തെ ക്വാറന്റൈനിലേക്ക് മാറ്റി. ഇവയ്ക്ക് വാക്സിൻ നൽകും. 24 വാർത്തയ്ക്ക് പിന്നാലെ മൃഗശാല വളപ്പിലെ നായ്ക്കളെ നഗരസഭാ അധികൃതർ എത്തി പിടികൂടിയത്. മൃഗശാലയിലെ മൃഗങ്ങൾ സുരക്ഷിതരാണെന്ന് വെറ്റിനറി സർജ്ജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.
STORY HIGHLIGHT : dog that bit five people tests positive for rabies
















