ഡൽഹി ചെങ്കോട്ട സ്ഫോടനം ചാവേറാക്രമണമല്ലെന്ന് നിഗമനം. ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലായിരുന്നു. വാഹനം ഓടിച്ചയാൾ പരിഭ്രാന്തിയിൽ സ്ഫോടനം ഉണ്ടാക്കുകയായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലാത്തതായിരുന്നതിനാലാണ് ആഘാതം പരിമിതപ്പെട്ടത്. ഡൽഹിയിലും ഹരിയാനയിലും പുൽവാമിയിലും നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതാണ് ആക്രമണം നടത്താൻ പ്രേരണയായത്. ചാവേറായിട്ട് പൊട്ടിത്തെറിക്കണമെന്ന ഉദ്ദേശത്തോടെയല്ല പ്രതി വാഹനവുമായി എത്തിയിരുന്നതെന്നാണ് വാർത്താ ഏജൻസി പുറത്തുവിട്ട വിവരം. കാർ പൊട്ടിത്തെറിച്ച സ്ഥലത്ത് വലിയ കുഴിയൊന്നും തന്നെ രൂപപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലായിരുന്നുവെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.
സ്‌ഫോടക വസ്തുക്കൾ ഉപേക്ഷിക്കാനോ നശിപ്പിക്കാനോ ശ്രമിക്കുന്നതിനിടയിൽ ഉണ്ടായ സ്‌ഫോടനമാണ് നടന്നതാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. അതിനാലാണ് ചാവേർ ആക്രമണ രീതിയല്ല പിന്തുടർന്നിരിക്കുന്നതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നത്. കൂടെയുണ്ടായിരുന്നവരെ പിടികൂടിയതിന്റെ ഭയത്തിൽ ഉണ്ടായ സ്‌ഫോടനമാണ് ചെങ്കോട്ടയിൽ സംഭവിച്ചത്. സ്ഫോടനമുണ്ടായിടത്ത് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ അന്വേഷണ ഏജൻസികളുടെ പരിശോധന തുടരുകയാണ്. ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാലയിൽ നിന്ന് ആറ് ജീവനക്കാരെ ജമ്മുകശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ഫോടനം ഉണ്ടാക്കിയ ഡോക്ടർ ഉമർ മുഹമ്മദ്, ഫരീദാബാദ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോക്ടർ മുസമിൽ, ഡോക്ടർ ഷഹീൻ തുടങ്ങിയവർ ജോലി ചെയ്തിരുന്നത് ഇവിടെയാണ്. ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ജമാ അത്തുൽ മൊമിനാത്തിന്റെ ചുമതലക്കാരിയെന്ന് കരുതുന്ന ഡോക്ടർ ഷഹീന്റെ ലക്നൗവിലെ വസതി കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. ഉമറിന്റെയും മുസമിലിന്റെയും കുടുംബാംഗങ്ങളെ ഉൾപ്പെടെ അന്വേഷണ സംഘങ്ങൾ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഉമറിന്റെ സുഹൃത്തും ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ആളുമായ ഡോക്ടർ സജാദ് അഹമ്മദ് മാലയെ ജമ്മുകശ്മീരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനായ അഞ്ഞൂറ് അംഗ സംഘത്തെ ഡൽഹി പൊലീസ് നിയോഗിച്ചു.
STORY HIGHLIGHT: Delhi blast; The accused did not follow the suicide bomber’s method
















