രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെയുണ്ടായ കാർ സ്ഫോടനം കരുതിക്കൂട്ടിയുള്ള ചാവേർ സ്ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്ഫോടക വസ്തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ സ്ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ഫരീദാബാദിൽ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും വിവിധയിടങ്ങളിൽ റെയ്ഡുകൾ നടക്കുകയും ചെയ്തതിനെ തുടർന്നുള്ള പരിഭ്രാന്തിയിൽ കാറിൽ സ്ഫോടക വസ്തുക്കൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്ഫോടനമെന്നാണ് നിഗമനം.
ഇന്നലെ വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു. കാറിൽ മൂന്നുപേരുണ്ടായിരുന്നെന്നാണ് സൂചന.
സ്ഫോടനമുണ്ടായ വെള്ള ഐ20 കാർ ഓടിച്ചത് ജമ്മു കശ്മീർ സ്വദേശിയായ ഉമർ നബി എന്ന ഡോക്ടറാണെന്നാണു പുറത്തുവരുന്ന വിവരം. സ്ഫോടനത്തിനു 3 ദിവസം മുൻപേ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പുറംലോകവുമായുള്ള ഒരു ബന്ധവും ഇല്ലാതെയാണ് 3 ദിവസം കഴിഞ്ഞത്. കുടുംബവുമായി പോലും ബന്ധപ്പെട്ടിരുന്നില്ല. ഫരീദാബാദിൽ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടികൂടിയതും തീവ്രവാദബന്ധത്തിന് അറസ്റ്റിലായ ഡോക്ടർമാരുടെ മൊഴിയെ തുടർന്നാണ്. ഇതിനുപിന്നാലെയാണ് ഇയാൾ സ്ഫോടക വസ്തുക്കൾ മാറ്റാൻ നീക്കം നടത്തിയതെന്നാണു പുറത്തുവരുന്ന വിവരം.
















