മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുമായ യുവതിയുടെ മരണത്തിൽ കാമുകനെതിരെ പൊലീസ് കേസെടുത്തു. ഖുഷ്ബു അഹിർവാറിന്റെ മരണത്തിലാണ് കാമുകൻ കാസിം ഹുസൈനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.
‘ഡയമണ്ട് ഗേൾ’ എന്ന പേരിലറിയപ്പെടുന്ന 27 കാരിയായ ഖുഷ്ബു അഹിർവാറിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, പിന്നാലെ കാമുകനെതിരെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ചൊവാഴ്ച രാത്രിയാണ് ഖുശ്ബു മരിച്ചത്.
യാത്രക്കിടെ ബസിനുള്ളിൽ വച്ച് ഖുഷ്ബുവിന്റെ ആരോഗ്യനില വഷളാകുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഖുശ്ബു മരിച്ചതായി അറിഞ്ഞതോടെ കാസിം ഓടി രക്ഷപ്പെട്ടു. പിന്നാലെ അറസ്റ്റിലായി.
ഖുഷ്ബു മരിക്കുമ്പോൾ ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഗർഭധാരണവുമായി ബന്ധപ്പെട്ട് സംഭവിച്ച ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്.
ഖുഷ്ബുവിന്റെ ശരീരത്തിൽ ചതവുകൾ കണ്ടെത്തിയതായും മരണത്തിന് മുമ്പ് അവർക്ക് മർദ്ദനമേറ്റിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.















