ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് പണിമുടക്കും. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ സമവായത്തിലെത്താൻ കഴിയാത്തതിനെ തുടർന്നാണ് ഡോക്ടർമാർ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
ഒപികൾ പ്രവർത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടത്തില്ല. അത്യാഹിത വിഭാഗത്തെയും ലേബർ റൂം, ഐസിയു എന്നിവയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ തിയറി, പ്രാക്ടിക്കൽ ക്ലാസുകളും ബഹിഷ്കരിക്കും.
എൻട്രി കേഡർ തസ്തികയിലെ ശമ്പളത്തിലെ അപാകതകൾ ഉടൻ പരിഹരിച്ച് PSCനിയമനങ്ങൾ ഊർജിതപ്പെടുത്തുക, ശമ്പളപരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക, സ്ഥിരം നിയമനങ്ങൾ നടത്തുക, മെഡിക്കൽ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.















