ബീഹാർ ആര് ഭരിക്കുമെന്ന് നാളെ അറിയാം. 243 അംഗ നിയമസഭയിലേക്ക് രണ്ടു ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ തുടങ്ങാനിരിക്കെ ഭരണകക്ഷിയായ എൻ.ഡി.എയും പ്രതിപക്ഷമായ മഹാസഖ്യവും പ്രതീക്ഷയിലാണ്.
എക്സിറ്റ്പോൾ ഫലങ്ങൾ വൻ വിജയം പ്രവചിച്ചതോടെ ആവേശത്തിലാണ് എൻഡിഎ ക്യാമ്പ്. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാവുമെന്ന് പ്രഖ്യാപിച്ചതിനാൽ മന്ത്രിസഭാ രൂപീകരണത്തിന്റെ പ്രാഥമികചർച്ചകളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് മുന്നണി. എന്നാൽ എക്സിറ്റ് പോളുകൾക്ക് വിപരീതമായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്നാണ് മഹാസഖ്യത്തിന്‍റെ വിലയിരുത്തൽ.
വോട്ടെണ്ണലിന് ഒരു ദിവസം ബാക്കിനിൽക്കെ പൂർണ ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും. വികസനവും ജനകീയ പ്രഖ്യാപനവും വോട്ടർമാർക്കിടയിൽ ചർച്ചയായി എന്നാണ് എൻഡിഎയുടെ വിലയിരുത്തൽ. രണ്ടുഘട്ടത്തിലെയും ഉയർന്ന പോളിംഗ് ശതമാനം ആത്മവിശ്വാസം പകരുന്നു എന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്.
എൻ.ഡി.എയ്‌ക്ക് വിജയം പ്രവചിച്ച് കൂടുതൽ എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ ഇന്നലെ പുറത്തുവന്നു.എൻ.ഡി.എ 43% വോട്ടുകളോടെ 121-141 സീറ്റുകൾ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യാ പ്രവചനം. മഹാസഖ്യത്തിന് 98-118. ആർ.ജെ.ഡി 67-75 സീറ്റുകൾ നേടി ഏറ്റവും വലിയ പാർട്ടിയാകുമെന്നും പറയുന്നു. ബി.ജെ.പി 50-56 സീറ്റിൽ ജയിക്കുമെന്നും പ്രചവചനം. വോട്ട് വൈബ്- എൻ.ഡി.എ: 125-145, മഹാസഖ്യം: 95-115.
അതേസമയം എക്സിറ്റ്പോൾ ഫലങ്ങൾ തെറ്റും എന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മുൻകാലങ്ങളിൽ പ്രവചനങ്ങൾ തെറ്റിയ ചരിത്രം ബിഹാറിന് ഉണ്ട്. ഒപ്പം പോളിംഗ് 5% ത്തിൽ അധികം വർദ്ധിച്ചാൽ ഭരണമാറ്റം ഉണ്ടാവുന്നതുമാണ് ചരിത്രം. ഈ കണക്കുകളിലാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷകൾ.
















