കാലത്തിന്റെ പേജുകൾ വീണ്ടും മറിഞ്ഞു കൊണ്ടിരിക്കുന്നു. അതിർത്തിയിൽ നിന്നുള്ള വെടിയൊച്ചകൾ കാറ്റിൽ വീണ്ടും മുഴങ്ങുമ്പോൾ, ഒരു പഴയ ഭയം വീണ്ടും തലപൊക്കുകയാണ് ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന്റെ കവാടത്തിലാണോ എത്തുന്നത്? രണ്ട് ആണവശക്തി രാഷ്ട്രങ്ങൾ, ദശാബ്ദങ്ങളായി പരസ്പര അവിശ്വാസത്തിലും രഹസ്യമായ സൈനിക നീക്കങ്ങളിലും ഒളിഞ്ഞിരിക്കുന്നു. കഴിഞ്ഞ ആഴ്ചകളിലായി അതിർത്തിയിലുണ്ടായ ചലനങ്ങളും ആക്രമണ സൂചനകളും ജനങ്ങളുടെ മനസുകളിൽ 1965, 1971, 1999 — എന്നി യുദ്ധങ്ങളുടെ നിഴൽ വീണ്ടും ഉയർത്തിയിരിക്കുന്നു. ഇന്ത്യ–പാക്കിസ്ഥാൻ ബന്ധം വേദനയുടെയും മുറിപ്പാടുകളുടെയും ചരിത്രമാണ്. 1947ലെ വിഭജനത്തിനുശേഷം രണ്ടുരാജ്യങ്ങളും പരസ്പരം അകന്ന്, തന്നെയാണ് നിന്നത്. കശ്മീർ, തീവ്രവാദം, അതിർത്തി കടന്നാക്രമണം തുടങ്ങിയ വിഷയങ്ങൾ ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയവും പൊതുജീവിതവും കീഴടക്കി.
ഇപ്പോൾ വീണ്ടും, അതിർത്തിയിലെ ചെറിയ വെടിവെയ്പ്പുകൾ പോലും വലിയൊരു യുദ്ധത്തിന്റെ തുടക്കം ആകുമോ എന്ന പേടിയാണ് ജനങ്ങളിൽ.
ചരിത്രത്തിലെ ഏറ്റവും വേഗതയേറിയതും നിർണ്ണായകവുമായ യുദ്ധങ്ങളിൽ ഒന്നായിരുന്നു 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം. വെറും 13 ദിവസം മാത്രം നീണ്ടുനിന്ന ഈ പോരാട്ടം ലോക ഭൂപടം തന്നെ മാറ്റിമറിച്ചു. കശ്മീരിനെച്ചൊല്ലിയുള്ള മുൻ യുദ്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ പോരാട്ടത്തിന്റെ ലക്ഷ്യം കിഴക്കൻ്റെ പാകിസ്ഥാൻ്റെ (ഇന്നത്തെ ബംഗ്ലാദേശ്) വിമോചനമായിരുന്നു. കരസേന അതിർത്തിയിൽ യുദ്ധം ചെയ്തപ്പോൾ, വ്യോമസേന ആകാശത്ത് നിന്ന് ആക്രമിച്ചു. പാകിസ്ഥാൻ കപ്പലുകൾ തടയുകയും അവയ്ക്കുള്ള സാധനങ്ങൾ വിച്ഛേദിക്കുകയും ചെയ്യുക എന്നതായിരുന്നു നാവികസേനയുടെ പ്രധാന ദൗത്യം. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിരവധി പ്രധാന സൈനിക ഏറ്റുമുട്ടലുകളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ട്. പ്രധാനമായും കശ്മീർ വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ഈ യുദ്ധങ്ങൾ.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് തൊട്ടുപിന്നാലെ കശ്മീരിന്റെ നിയന്ത്രണത്തെച്ചൊല്ലി 1947-48 ലെ നടന്ന ആദ്യത്തെ യുദ്ധം. കശ്മീർ പിടിച്ചെടുക്കാനുള്ള പാകിസ്ഥാന്റെ ‘ഓപ്പറേഷൻ ജിബ്രാർട്ടർ’ എന്ന സൈനിക നീക്കത്തോടെയാണ് 1965 ലെ യുദ്ധം ആരംഭിച്ചത്. ബംഗ്ലാദേശ് വിമോചന യുദ്ധം എന്നും 1971 ലെ യുദ്ധം അറിയപ്പെടുന്നു. പാകിസ്ഥാൻ സൈന്യം കീഴടങ്ങുകയും ബംഗ്ലാദേശ് ഒരു സ്വതന്ത്ര രാഷ്ട്രമായി രൂപം കൊള്ളുകയും ചെയ്ത യുദ്ധമാണിത്. പാക് സൈന്യവും തീവ്രവാദികളും കാർഗിൽ സെക്ടറിലെ കൊടുമുടികൾ പിടിച്ചെടുത്തതിനെ തുടർന്ന് നടന്ന സംഘർഷനമായിരുന്നു 1999 ലെ കാർഗിൽ യുദ്ധം. ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ വിജയ്’, ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്നിവയിലൂടെ പ്രദേശങ്ങൾ തിരിച്ചുപിടിച്ചു. ഇതിനുപുറമെ, 2016-ലെ ഉറി ആക്രമണം, 2019-ലെ പുൽവാമ ആക്രമണം, ബാലാകോട്ട് വ്യോമാക്രമണം തുടങ്ങിയ നിരവധി അതിർത്തി സംഘർഷങ്ങളും സൈനിക നീക്കങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായിട്ടുണ്ട്
യുദ്ധം വീണ്ടും സംഭവിച്ചാൽ എന്തായിരിക്കും അതിന്റെ മുഖം?
പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഇന്റർനെറ്റ് സംവിധാനങ്ങൾ എന്നിവ അടച്ചുപൂട്ടപ്പെടും.,പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിൽ നഷ്ടം, ബാങ്ക് സേവന തടസ്സം എന്നിവയിലൂടെ സമ്പദ്‌വ്യവസ്ഥ തളരും. ആശുപത്രികൾ നിറയും, മരുന്ന് ക്ഷാമം ഉടലെടുക്കും, കുടിയേറ്റം വർദ്ധിക്കും. യുഎൻ, യു.എസ്., ചൈന, റഷ്യ തുടങ്ങിയ ശക്തികൾ ഇടപെടാൻ സാധ്യതയുണ്ട്. ആധുനിക കാലത്ത് ആയുധങ്ങൾ മാത്രം പോരാ ഡിജിറ്റൽ ആക്രമണങ്ങൾ രാജ്യങ്ങളെ മിണ്ടാതാക്കും.
യുദ്ധം അവസാനിച്ചാലും അതിന്റെ മുറിവുകൾ മായില്ല. പൊള്ളലേറ്റ നഗരങ്ങൾ, നശിച്ച വീടുകൾ, ജീവിതം നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ അതാണ് ശേഷിക്കുന്നത്. പക്ഷേ അതേ സമയം, മനുഷ്യർക്ക് വീണ്ടും പുനർജ്ജീവനം നൽകാനുള്ള അത്ഭുത ശേഷിയും ഉണ്ട്.
പുനർനിർമ്മാണം, വിശ്വാസം, മനുഷ്യകൈകൾ തമ്മിലുള്ള സഹകരണം അതാണ് യഥാർത്ഥ വിജയം.
ഇന്ത്യയും പാകിസ്ഥാനും ആണവശക്തികളാണ് അതിനാൽ ഒരു പൂർണ്ണ യുദ്ധം ഉണ്ടായാൽ അത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും. ഇത് യുദ്ധഭീഷണി കുറയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ, യുദ്ധം ഒഴിവാക്കാൻ അമേരിക്ക, യുഎൻ പോലുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് വലിയ അന്താരാഷ്ട്ര സമ്മർദ്ദം ഉണ്ടാകാറുണ്ട്. അതിനാൽ യുദ്ധം വരാനുള്ള സാദ്യത നിലവിൽ കുറവാണ്, ഒരു യുദ്ധം ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും. ഇത് യുദ്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
നിലവിൽ, അതിർത്തിയിലെ വെടിനിർത്തൽ കരാറുകൾ പാലിക്കാനും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭാവിയിലെ സംഭവവികാസങ്ങൾ ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ആശ്രയിച്ചിരിക്കും. എന്ത് തന്നെ ആയാലും യുദ്ധത്തിൽ ജയിക്കുന്നവർ ഉണ്ടാകില്ല കാരണം ,നഷ്ടപ്പെടുന്നത് മനുഷ്യരാണ്. അതിർത്തികൾ നിശ്ചയിക്കുന്നത് ഭൂമിശാസ്ത്രം ആയിരിക്കട്ടെ, മനുഷ്യരുടെ ഹൃദയം അതിനെ മറികടക്കട്ടെ.
















