ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ. ഉമർ നബി തന്നെയാണെന്ന് ഡി.എൻ.എ. പരിശോധനയിൽ വ്യക്തമായി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഉമറിൻ്റെ അമ്മയുടെ ഡി.എൻ.എ. സാംപിളുകളുമായി സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ സാംപിളുകൾ യോജിച്ചതായി അധികൃതർ അറിയിച്ചു. അന്വേഷണത്തിൽ, ഇയാളും സംഘവും രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾക്ക് ലക്ഷ്യമിട്ടിരുന്നതായും കണ്ടെത്തി.
അതേസമയം ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. കാൺപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി മൊഹമ്മദ് ആരിഫിനെ ആണ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ പിടിയിലായ പർവ്വേസിനെ ഡൽഹിയിൽ എത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി.
ഡോ.ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ കൂടി ഹരിയാനയിലെ ഫരീദാബാദിൽ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ചുവന്ന ഇക്കോസ്പോർട്ട് കാർ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഭീകരസംഘാംഗങ്ങൾ ഉപയോഗിച്ചിരുന്നതായാണു സൂചന.
സ്ഫോടനം നടന്ന സ്ഥലത്ത് കശ്മീരിൽ നിന്നുള്ള മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ ഷാഹിദ പർവീൺ ഗാംഗുലിയും പരിശോധനയ്ക്കായി എത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ കാൻപുർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2 ദിവസം കഴിഞ്ഞിട്ടും സ്ഫോടനത്തിന് ഉപയോഗിച്ച വസ്തു ഏതെന്ന് വ്യക്തമായിട്ടില്ല.
ചെങ്കോട്ടയ്ക്കു മുന്നിൽ 12 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം രാജ്യവിരുദ്ധശക്തികൾ നടത്തിയ ഭീകരപ്രവൃത്തിയെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്ഫോടനത്തെ അപലപിച്ച് കേന്ദ്ര മന്ത്രിസഭായോഗം പാസാക്കിയ പ്രമേയത്തിലാണ് ഭീകര ബന്ധം കേന്ദ്ര സർക്കാർ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.
















