ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും അന്നത്തെ ബോർഡ് അംഗങ്ങളുടെ ഇടപെടലുകളെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്ത വരുത്തുന്നതിന് വേണ്ടിയാണ് എ പത്മകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
അതേസമയം സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ ഇടപെടലിനെകുറിച്ച് കൃത്യമായ തെളിവ് ലഭിച്ചാൽ അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കും.
കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ. വാസുവിനെ വിശദമായ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം.
വാസുവിനെ ചോദ്യം ചെയ്താൽ ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
















