കൊല്ലം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോസ്റ്റര്‍. കൊല്ലം ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്നാണ് പോസ്റ്ററിലെ ചോദ്യം. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം വെച്ച് ‘താമര ബിന്ദു’ എന്ന് കുറിച്ചുകൊണ്ടുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
95 ശതമാനം മുസ്‌ലിം വോട്ടുള്ള കൊല്ലൂര്‍ വിളയില്‍ എന്‍എസ്എസിന് എന്ത് കാര്യമെന്നും കുറിച്ചിട്ടുണ്ട്. കൊല്ലത്ത് മത്സരിക്കാന്‍ സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലുര്‍ വിളയും വിറ്റത് ബിന്ദു കൃഷ്ണയോ?, ബിന്ദു കൃഷ്ണയുടെ ബിസിനസ് പാര്‍ട്ണര്‍ക്ക് നല്‍കാനുള്ളതല്ല കൊല്ലൂര്‍വിള സീറ്റ്, ജനറല്‍ സീറ്റില്‍ ദീപ്തി മേരി വര്‍ഗ്ഗീസിന് ആകാമെങ്കില്‍ ഹംസത്ത് ബീവിയ്ക്കും ആകാം എന്നിങ്ങനെ പോസ്റ്ററുകളും കൊല്ലം ഡിസിസിയ്ക്ക് മുന്നിലുണ്ട്.
മധ്യപ്രദേശില്‍ സിന്ധ്യയെങ്കില്‍ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണ, കോയിക്കല്‍ സീറ്റ് വിറ്റെന്നും ക്യാഷ് വാങ്ങിയാണോ കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റ് വിറ്റതെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. പോസ്റ്റര്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു.
















