തൃശൂര്‍: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച മണപ്പുറം ഫിനാന്‍സ് സിഎംഡിയും ചെയര്‍മാനുമായ വി.പി. നന്ദകുമാറിന് തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഫിക്കി പ്രതിനിധിയായാണ് വി.പി.നന്ദകുമാര്‍ രാജ്യാന്തര സമ്മേളനത്തില്‍ സംബന്ധിച്ചത്. അനുമോദന യോഗം മുഖ്യാതിഥി റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് വി.പി. നന്ദകുമാറിനെ ബിസിനസ് ലോകത്ത് വേറിട്ടു നിര്‍ത്തുന്നതെന്ന് മന്ത്രി രാജന്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് നാടിനെ ചേര്‍ത്തുപിടിക്കാന്‍ വി.പി. നന്ദകുമാര്‍ മുന്നിലുണ്ടായിരുന്നു. വയനാട് ചൂരല്‍മല ദുരന്തമുണ്ടായപ്പോള്‍ രണ്ടു കോടി രൂപയുടെ ദുരിതാശ്വാസവുമായി ആദ്യമെത്തിയത് വി.പി. നന്ദകുമാറും മണപ്പുറം ഫൗണ്ടേഷനുമായിരുന്നു. വീടില്ലാത്തവര്‍ക്ക് 550 ഓളം വീടുകള്‍ വച്ചു നല്‍കാനും നിരാലംബരായ ഒട്ടേറെ പേര്‍ക്ക് ആലംബമായി മാറാനും സമൂഹത്തിന്റെ സമസ്ത മേഖലയിലും സേവനസന്നദ്ധതയോടെ തന്റെ മുദ്രപതിപ്പിക്കാനും കഴിഞ്ഞ അദ്ദേഹത്തിന് കൂടുതല്‍ ഉയരങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു.
തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പത്മകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്രിക്‌സ് അനുഭവം പങ്കുവെച്ച് വി.പി. നന്ദകുമാര്‍ സംസാരിച്ചു. ടിഎംഎ ഓണററി സെക്രട്ടറി സിഎ ഷാജി പി.ജെ. നന്ദി പ്രകാശിപ്പിച്ചു. ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ ലയണ്‍ സുരേഷ് വാര്യര്‍, ലയണ്‍ കെ.എം. അഷ്‌റഫ് എന്നിവരടക്കമുള്ള ലയണ്‍സ് ലീഡര്‍മാരും ടിഎംഎ ഭാരവാഹികളും സംബന്ധിച്ചു. ദാസ്സ് കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങുകള്‍ ടിഎംഎ മാനേജിംഗ് കമ്മിറ്റി അംഗം രഞ്ജന്‍ ശ്രീധരനാണ് നിയന്ത്രിച്ചത്.
















