കുറ്റ്യാടി: കള്ളാട് ജുമാ മസ്ജിദിന് സമീപമുള്ള പറമ്പിൽ കണ്ടെത്തിയ ഭീമൻ കാട്ടുതേനീച്ചക്കൂട് ജനകീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ നീക്കി. തേനീച്ചകളുടെ ആക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
ഞായറാഴ്ച മുതലാണ് പ്രദേശത്ത് ആളുകൾക്ക് തേനീച്ചകളുടെ ആക്രമണം അനുഭവപ്പെട്ടത്. ആദ്യം പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് കുത്തേറ്റത്. തുടര്‍ന്ന് വഴിയിലൂടെ കടന്നുപോകുന്ന ബൈക്ക് യാത്രക്കാരും ആക്രമിക്കപ്പെട്ടു.
കുത്തേറ്റ് പരിക്കേറ്റ തീയർ കണ്ടി ലിജീഷ്, നാവത്ത് ബാലൻ, പീറ്റക്കണ്ടി നീഷാൻ എന്നിവർ കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
തുടർന്ന്, സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ജനകീയ ദുരന്തനിവാരണ സേനാ പ്രവർത്തകർ രംഗത്തെത്തി. മാവിൽ കണ്ടെത്തിയ കൂറ്റൻ തേനീച്ചക്കൂട് ബഷീർ നെരയങ്കോട്യുടെ നേതൃത്വത്തിൽ സാഹസികമായി നീക്കം ചെയ്തു.
















