തോൽപ്പെട്ടി: എക്സൈസ് പരിശോധനയിൽ 86.58 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേർ പിടിയിലായി. കോഴിക്കോട് ലക്ഷ്യമാക്കി യാത്ര ചെയ്തിരുന്ന ബംഗളൂരു–കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരായ സാൻകേത് തുക്കാറാം നിഗം (24), ഉമേഷ് പട്ടേൽ (25) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെത്തിയത്. പണം പെട്ടികളിലും ബാഗുകളിലുമാണ് സൂക്ഷിച്ചിരുന്നത്. യാത്രക്കാർക്ക് ആവശ്യമായ രേഖകൾ ഹാജരാക്കാനായില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിശോധന മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബൈജുയുടെ നേതൃത്വത്തിലായിരുന്നു. പ്രിവന്റീവ് ഓഫീസർ അരുൺ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ്, ബി. സുധീപ്, ഷിംജിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത 86.58 ലക്ഷം രൂപ തുടർനടപടിക്കായി ആദായനികുതി വകുപ്പിന് കൈമാറും.
അതേസമയം, ഈമാസം ആദ്യവാരം മീനങ്ങാടിയിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 1.36 കോടി രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു.
















