ബേപ്പൂർ: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് നഗ്നഫോട്ടോ ആവശ്യപ്പെട്ട കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് കാട്ടിപ്പളം നാരായണീയത്ത് ഷിബിൻ (29) ആണു പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
ബേപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയെയാണ് പ്രതി ലക്ഷ്യമിട്ടത്. സിനിമാ സംവിധായകനാണെന്ന് പരിചയപ്പെടുത്തി ഫോണിലൂടെയും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും തുടർച്ചയായി ബന്ധപ്പെടുകയും ശല്യപ്പെടുത്തുകയും നഗ്നഫോട്ടോകൾ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതി കാസർകോട് സ്വദേശിയാണെന്ന് വ്യക്തമാകുന്നത്.
തുടർന്ന് ബേപ്പൂർ എസ്.ഐ. എം. അംഗജൻ, സിപിഒ സരുൺ, ഫറോക്ക് ഡിവൈഎസ്പി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. അരുൺകുമാർ മാത്തറ, സീനിയർ സിപിഒ വിനോദ് എന്നിവരടങ്ങിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















