ആയഞ്ചേരി: പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെയും സമൂഹത്തെയും സജീവമായി ഉൾപ്പെടുത്തുന്നതിനായി റഹ് മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതസഭ രൂപീകരിച്ചു. സ്കൂളിന്റെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ സംരംഭം ആരംഭിച്ചത്.
മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം, സമൂഹത്തിൽ ശുചിത്വ ബോധം വളർത്തുക, സുസ്ഥിര വികസനത്തിലേക്കുള്ള പ്രതിബദ്ധത ഉറപ്പാക്കുക എന്നിവയാണ് ഹരിതസഭയുടെ പ്രധാന ലക്ഷ്യങ്ങൾ.
അബ്ദുൽ സമദ് പി. ഹരിതസഭയുടെ ഉദ്ഘാടനം നിർവഹിച്ചു. പി. കെ. അസീസ് ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ ക്ലബ്ബ് ഇൻചാർജുകൾ ആയ ഷംന കെ., നസീർ എ. ടി. കെ., ഹസിന വി., സാരംഗ് എസ്. എന്നിവർ പങ്കെടുത്തു.
ഹരിതസഭയുടെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടീൽ, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പെയ്ൻ, ജൈവകൃഷി തുടങ്ങിയ പദ്ധതികൾ നടപ്പാക്കാനാണ് പദ്ധതി. വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുകയും ‘ഹരിത കേരളം’ ലക്ഷ്യങ്ങൾ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശ്യം.
പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികളെ മുൻനിരയിൽ നിർത്തുന്ന മാതൃകാപദ്ധതിയായി ഹരിതസഭ മാറുമെന്ന പ്രതീക്ഷയിൽ അദ്ധ്യാപകർ.
















