കൊച്ചി: വാട്‌സ്ആപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി യുവാവിന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്ന് കളഞ്ഞു. കാമുകി പോയാലും കുഴപ്പമില്ല, സ്‌കൂട്ടര്‍ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കി. കൈപ്പട്ടൂര്‍ സ്വദേശിയായ 24-കാരനാണ് കബളിക്കപ്പെട്ടത്.
ചാറ്റിങ്ങിലൂടെ പ്രണയിച്ചെങ്കിലും ഇരുവരും തമ്മില്‍ ഫോട്ടോകള്‍ പോലും കൈമാറിയിരുന്നില്ല. പ്രണയം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടപ്പോള്‍ മാളില്‍ വച്ച് കാണാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. മുന്നേ തീരുമാനിച്ചത് അനുസരിച്ച് ഇരുവരും മാളില്‍ എത്തി. പക്ഷെ താന്‍ വരണമെങ്കില്‍ സ്‌കൂട്ടര്‍ താന്‍ പറയുന്നിടത്ത് വയ്ക്കണമെന്ന് യുവതി നിബന്ധന വെച്ചു. പ്രണയിനി പറഞ്ഞതനുസരിച്ച് യുവാവ് തന്റെ പുത്തന്‍ സ്‌കൂട്ടര്‍ കടയ്ക്ക് മുന്നിലേക്ക് മാറ്റിവെച്ചു. ശേഷം മാളില്‍ എത്തിയ യുവാവും പെണ്‍കുട്ടിയും ഒത്തിരി സമയം അവിടെ ചിലവഴിച്ചു.
ആദ്യമായി കാണുന്ന സന്തോഷത്തില്‍ യുവാവ് പെണ്‍കുട്ടിക്ക് ഭക്ഷണവും ഐസ്‌ക്രീമും എല്ലാം വാങ്ങി നല്‍കി. അല്‍പ സമയത്തിന് ശേഷം യുവാവ് വാഷ്‌റൂമില്‍ പോയി തിരികെ എത്തുമ്പോള്‍ പെണ്‍കുട്ടിയെ കാണാനില്ല. നിരവധി തവണ വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല.
അപ്പോഴാണ് തന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ കാണാനില്ലാത്ത കാര്യം യുവാവ് ശ്രദ്ധിച്ചത്. സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് പോയെങ്കിലും അവിടം ശൂന്യമായിരുന്നു. തുടര്‍ന്നാണ് യുവാവ് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
















