വടകര: ചോറോട് സർവീസ് സഹകരണ ബാങ്കിന് കീഴിൽ ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. ബാങ്കിന്റെ ചോറോട് ഹെഡ് ഓഫീസിന് സമീപം സ്ഥാപിച്ചിരിക്കുന്ന സ്റ്റേഷന്റെ ഉദ്ഘാടനം നവംബർ 15-ന് വൈകുന്നേരം നാലിന് നടക്കും.
ജില്ലയിലെ സഹകരണ മേഖലയിൽ ആരംഭിക്കുന്ന ആദ്യ ഇ-വാഹന ചാർജിങ് സ്റ്റേഷനെന്ന പ്രത്യേകതയുമുണ്ട് പദ്ധതിക്ക്. ഒരേസമയം രണ്ട് കാറുകൾ ചാർജ് ചെയ്യാവുന്ന സംവിധാനവും ഓട്ടോറിക്ഷകൾക്കും ഇലക്ട്രിക് സ്കൂട്ടറുകൾക്കും വേർതിരിച്ചുള്ള ചാർജിങ് സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനചടങ്ങ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി നിർവഹിക്കും. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വി. ദിനേശൻ അധ്യക്ഷത വഹിക്കും.
പുതിയ പദ്ധതിയിലൂടെ സഹകരണ ബാങ്ക് ഹരിതസൗഹൃദ ഗതാഗത സംവിധാനങ്ങൾക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമിടുന്നത്.
















