ആലപ്പുഴ: അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡറുകൾ പൊളിഞ്ഞുവീണ അപകടത്തിൽ പിക്കപ്പ് വാനിലെ ഡ്രൈവർക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദുരന്തം. മുട്ടകൾ കയറ്റി എറണാകുളം ഭാഗത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് രണ്ട് ഗർഡറുകൾ പതിച്ചത്. കനത്ത ആഘാതത്തിൽ വാൻ പൂർണമായും തകർന്നു.
അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനം മണിക്കൂറുകളോളം നീണ്ടു. ക്രെയിൻ ഉപയോഗിച്ച് ഗർഡറുകൾ നീക്കി ഡ്രൈവറെ പുറത്തെടുക്കാനായെങ്കിലും, അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. വാഹനം വെട്ടിമുറിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, ഗർഡർ സ്ഥാപിക്കുന്നതിനിടെ വാഹന ഗതാഗതം അനുവദിച്ചതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ജാക്കുകൾ തെന്നിമാറിയതിനെ തുടർന്ന് ഗർഡറുകൾ നിയന്ത്രണം വിട്ട് വീണതായാണ് സംശയം.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ഗതാഗതം വഴിതിരിച്ചു. വൻ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
















