ബാലുശ്ശേരി: പുതിയപാലത്ത് യുവാക്കളെ ഭീഷണിപ്പെടുത്തി ഫോണുകളും പണവും തട്ടിയ കേസിൽ നാലാം പ്രതിയും പൊലീസിന്റെ പിടിയിൽ. വെള്ളിമാടുകുന്ന് തയ്യിൽപ്പുറായിൽ വീട്ടിൽ മുഹമ്മദ് ഷാമിൽ (24) ആണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ നേരത്തെ പുതിയപാലം പട്ടർമീത്തിൽ അഖീഷ് (29), കൊമ്മേരി മേനിച്ചാൽ മീത്തൽ വിനയരാജ് (27), തിരിത്തിയാട് കാട്ടുപറമ്പത്ത് അജൽ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം ജൂലൈ മാസത്തിലാണ് നടന്നത്. സുഹൃത്തിനെ കാണാനായി പുതിയപാലത്തെത്തിയ നന്മണ്ട സ്വദേശികളായ യുവാക്കളെ സമീപത്തെ കെട്ടിടത്തിൽ ഉണ്ടായിരുന്ന പ്രതികൾ ചേർന്ന് പൊട്ടിച്ച ബിയർ കുപ്പിയും വെട്ടുകത്തിയും കാണിച്ച് ഭീഷണിപ്പെടുത്തി, കൈവശമുണ്ടായിരുന്ന ഐഫോൺ അടക്കം മൂന്ന് മൊബൈൽ ഫോണുകളും പണവും അടങ്ങിയ പേഴ്‌സും കവർന്നു രക്ഷപ്പെട്ടതായിരുന്നു സംഭവം.
കസബ ഇൻസ്പെക്ടർ ജിമ്മി പി.ജെയുടെ നിർദേശപ്രകാരം എസ്‌ഐ സനീഷ്, എഎസ്‌ഐ സജേഷ് കുമാർ, സി.പി.ഒ ഇർഷാദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് മേരിക്കുന്ന് പ്രദേശത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.
















