കുടുംബബന്ധങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ അവതരിപ്പിച്ച ‘ഞാൻ കർണ്ണൻ’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതമായ സിനിമാനുഭവം ആവർത്തിച്ചുകൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ പ്രേക്ഷകരിലേക്കെത്തുന്നു. ഒരു കുടുംബം ഒന്നാകെ ഒരു സിനിമയുടെ അണിയറയിലും അഭിനേതാക്കളായും അണിനിരന്നു എന്ന അപൂർവതയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. പ്രമേയത്തിലെന്നപോലെ അണിയറയിലും ഒരു കുടുംബത്തിന്റെ കൂട്ടായ്മ ദൃശ്യമാകുന്ന ഈ ചിത്രം, കുടുംബകഥകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരു വിസ്മയം തന്നെയാണ്.

ഈ ചിത്രത്തിൽ അഞ്ചുവയസ്സുകാരിയായ ശ്രിയ മുതൽ 83 വയസ്സുകാരനായ എം.ടി. അപ്പൻ വരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ മുതിർന്ന എഴുത്തുകാരനും വിരമിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനുമായ എം.ടി. അപ്പന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എം.ടി. അപ്പന്റെ മകളും ചലച്ചിത്ര-സീരിയൽ താരവും പ്രൊഫസറുമായ ഡോ. ശ്രീചിത്ര പ്രദീപ് ആണ്.

ശ്രീചിത്രയുടെ ഭർത്താവ് പ്രദീപ് രാജാണ് ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നതും നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നതും. കൂടാതെ, എം.ടി. അപ്പന്റെ ഭാര്യയും ശ്രീചിത്രയുടെ അമ്മയുമായ സാവിത്രി പിള്ളയും സിനിമയിൽ പ്രാധാന്യമുള്ള കഥാപാത്രത്തിന് ജീവൻ നൽകുന്നു. പ്രദീപ് രാജിന്റെയും ശ്രീചിത്രയുടെയും മകളായ ശ്രിയയുടെ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയാണ്.

സിനിമയുടെ പ്രമേയം പുതിയ കാലത്തെ കുടുംബ പശ്ചാത്തലമാണ് ചർച്ച ചെയ്യുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് വ്യക്തമാക്കി. കഥക്ക് തങ്ങളുടെ കുടുംബജീവിതവുമായി സാമ്യമുണ്ടെങ്കിലും, കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറിയ ആധുനിക ജീവിതത്തിലെ പ്രശ്നങ്ങളും ആകുലതകളും മനഃശാസ്ത്രപരമായിട്ടാണ് സിനിമ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നതെന്ന് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ എം.ടി. അപ്പൻ പറഞ്ഞു.

സിനിമ നിർമ്മിക്കാനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനും കഴിഞ്ഞതിനെ ഒരു നിയോഗമായി കാണുന്നുവെന്ന് നടനും നിർമ്മാതാവുമായ പ്രദീപ് രാജ് ചൂണ്ടിക്കാട്ടി. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ‘ഞാൻ കർണ്ണൻ’ ഉടൻ പ്രദർശനത്തിനെത്തും.

















