കോഴിക്കോട്: തുർക്കി യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് മറ്റുചില വ്‌ളോഗർമാർ തന്നെ വളരെ മോശമായി ചിത്രീകരിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി യുവതി.
അരുണിമ ബാക്ക്പാക്കർ എന്ന ട്രാവൽ വ്‌ളോഗറാണ് കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകിയത്. സമൂഹ മാധ്യമത്തിലൂടെ അരുണിമ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാക്കുകൾ ഇങ്ങനെ:
‘തുർക്കിയിലൊരു മോശം അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നു. അതിനുശേഷം എന്നെ വളരെ മോശമായി ചിത്രീകരിച്ചു. യൂട്യൂബ് ചാനൽ എനിക്ക് തുറക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അത്രയും മോശമായ രീതിയിൽ ആളുകൾ ഇത് വീഡിയോയാക്കി ചെയ്തു. ഞാൻ നാട്ടിലെത്തിയപ്പോൾ, കേസ് കൊടുക്കാൻ വന്നതാണ്. കോഴിക്കോട് സൈബർ പൊലീസിൽ കേസ് കൊടുത്തതിന്റെ റസീറ്റാണ് ഇത്. ഞാനും എന്റെ സുഹൃത്തുംകൂടി വന്നിട്ടാണ് കേസ് കൊടുത്തത്.
എന്നെ മോശക്കാരിയാക്കിക്കൊണ്ടുള്ള വീഡിയോകൾ എന്റെ സുഹൃത്തുക്കളാണ് അയച്ചുതന്നത്. കുറേ വീഡിയോകൾ അയച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ ലിങ്ക് ഉൾപ്പടെ വച്ച് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഞാൻ വശീകരിച്ച്, എന്റെ സ്വകാര്യ ഭാഗം തുറന്നുകാണിച്ചിട്ടാണ് അയാൾ സ്വയംഭോഗം ചെയ്തതെന്ന രീതിയിലാണ് വീഡിയോയിലെല്ലാം പറഞ്ഞിട്ടുള്ളത്. സോഷ്യൽ മീഡിയ എന്ന് പറയുന്നത് ആർക്കും എന്തും വന്ന് കാണിക്കാനുള്ള സ്ഥലമല്ല. എന്നെപ്പോലെ യാത്ര ചെയ്യുന്നവരുടെയും മറ്റുള്ളവരുടെയും കണ്ടന്റുവച്ച് വീഡിയോയുണ്ടാക്കി കാശുണ്ടാക്കുന്നവരാണ് ഇവർ. ഇതിനുമുമ്പ് ഇത്തരത്തിൽ ഒരുപാട് കമന്റുകളും മറ്റും വന്നപ്പോൾ മൈൻഡ് ചെയ്തില്ല. എന്നെ ബാധിച്ചുതുടങ്ങിയപ്പോഴാണ് കേസ് ഫയൽ ചെയ്തത്.’
















