റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബി.പി.എൽ.) മാറാൻ പൊതുജനങ്ങൾക്ക് വീണ്ടും അവസരം. നിലവിൽ മുൻഗണനേതര വിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം നവംബർ 17 മുതൽ ആരംഭിക്കും. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
പുതിയ റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ ആദ്യം വെള്ള കാർഡാണ് ലഭിക്കുക. പിന്നീട്, കുടുംബത്തിന്റെ വരുമാന വിവരങ്ങളും നിലവിലെ സാഹചര്യങ്ങളും പരിഗണിച്ച് മുൻഗണനാ വിഭാഗത്തിലേക്ക് മാറുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാം. ഇത്തരത്തിൽ അർഹതപ്പെട്ടവരെ കണ്ടെത്തി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് നിലവിൽ സിവിൽ സപ്ലൈസ് വകുപ്പ് അവസരം ഒരുക്കുന്നത്. രണ്ടാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം തരം മാറ്റിയതും പുതിയതുമായി 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് കാർഡ് ലഭ്യമാക്കുന്നതിൽ അധികൃതർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. വൃക്ക, കരൾ, ഹൃദ്രോഗം, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ചവർക്ക് അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം പരിശോധന പൂർത്തിയാക്കി കാർഡുകൾ ലഭ്യമാക്കാനാണ് ശ്രമം. മതിയായതും ആധികാരികവുമായ രേഖകൾ സഹിതമാണ് ഈ വിഭാഗക്കാർ ഉൾപ്പെടെയുള്ളവർ അപേക്ഷ സമർപ്പിക്കേണ്ടത്.
- അപേക്ഷിക്കുമ്പോൾ വേണ്ട പ്രധാന രേഖകൾ:
* ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം.
* ഗുരുതര രോഗമുള്ളവർ (ഡയാലിസിസ് ഉൾപ്പെടെ): ചികിത്സാരേഖകളുടെ പകർപ്പ്.
* പട്ടിക ജാതി-വർഗം: തഹസിൽദാരുടെ ജാതി സർട്ടിഫിക്കറ്റ്.
* വിധവയായ ഗൃഹനാഥ: വില്ലേജ് ഓഫീസറുടെ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്, നിലവിലെ പെൻഷൻ രേഖകൾ.
* ഭിന്നശേഷിക്കാർ: മെഡിക്കൽ/ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്.
* സ്വന്തമായി സ്ഥലമില്ലാത്തവർ/വീടില്ലാത്തവർ: വില്ലേജ് ഓഫീസറുടെ ഭൂരഹിത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ഭവനരഹിത സാക്ഷ്യപത്രം.
* 2009-ലെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ട/ഉൾപ്പെടാൻ അർഹതയുള്ള കുടുംബങ്ങൾ: പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം.
* വരുമാനത്തിലോ കെട്ടിട വിസ്തീർണത്തിലോ കുറവുണ്ടെങ്കിൽ: വരുമാന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വീടിന്റെ വിസ്തീർണം കാണിക്കുന്ന പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം.
ഇതിൽ അർഹമായ വിഭാഗക്കാർക്ക് ആവശ്യമായ രേഖകൾ സഹിതം ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു.
















